ആത്മീയ ശക്തി കോടതിക്ക് മേല്‍ പ്രയോഗിക്കാനാണോ,ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹർജി സുപ്രീംകോടതി തള്ളി.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി സുപ്രീംകോടതി തള്ളി. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നല്കിയ ഹരജിയാണ് തള്ളിയത്. ഫ്രാങ്കോയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ് ബോബ്ഡെ, വി.ആര് രാമസുബ്രമഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഫ്രാങ്കോയുടെ ഹരജി തള്ളിയത്.
ആത്മീയ ശക്തി കോടതിക്ക് മേല്‍ പ്രയോഗിക്കാനാണോ ശ്രമമെന്നും ഫ്രാങ്കോയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ചോദിക്കുകയുണ്ടായി. അതേസമയം, കേസിന്റെ മെറിറ്റിലേക്ക് ഈ ഘട്ടത്തില്‍ കോടതി കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും, വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്നും ഫ്രാങ്കോയുടെ അഭിഭാഷകൻ കോടതിയിൽ പറയുകയുണ്ടായി. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന് പറഞ്ഞു. നേരത്തെ വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫ്രാങ്കോ സുപ്രീംകോടതിയെ സമീപിക്കുന്നത്.
സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. എന്നാല്‍ അധികാരദുര്‍വിനിയോഗം നടത്തി ലൈംഗികപീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, ഭീഷണി തുടങ്ങിയവയ്ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളാണ് കേസിലുള്ളത്.