വടക്കൻ ജില്ലകളിൽ കനത്ത മഴ, മരണം അഞ്ചായി, നദികളിൽ ജല നിരപ്പുയർന്നു, ദുരന്ത നിവാരണ സേന കേരളത്തിലേക്ക്.

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. അഞ്ചു മനുഷ്യ ജീവനാണ് മഴയിലും വെള്ള പാച്ചിലിലും ഇതിനകം കേരളത്തിന് നഷ്ടമായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ വയനാട്ടിലും മലപ്പുറത്തുമായി നാല് പേര്‍ക്ക് ജീവൻ നഷ്ട്ടപെട്ടതിനു പിറകെ, തിരുവനന്തപുരത്ത് മരം കടപുഴകി വീണ് വ്യാഴാഴ്ച നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന് മരണപെട്ടു. നെടുമങ്ങാട് കുളപ്പട സ്വദേശി അജയന് ആണ് മരിച്ചത്. ബൈക്കിൽ ജോലി സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

വടക്കൻ കേരളത്തിലെ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദികളുടെ സമീപ പ്രദേശങ്ങളിലുളളവരെ മാറ്റിപ്പാർപ്പിച്ച് വരുന്നു. കനത്ത ജാഗ്രതാ നിര്‍ദേശം ആണ് അധികൃതർ ഇക്കാര്യത്തിൽ നൽകിയിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ വ്യാഴാഴ്ച കേരളത്തിലെത്തും. നാല് എന്‍.ഡി.ആര്.എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് ബുധനാഴ്ച എത്തിയിരുന്നു.മലയോര മേഖലകളില്‍ പലയിടത്തും ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനിൽക്കുകയാണ്.
വയനാട്ടിൽ കനത്ത മഴയിലും കാറ്റിലും ഇരുനില വീടിന്റെ മേൽക്കൂര പൂർണ്ണമായും റോഡിലേക്ക് പതിച്ചു. വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെ
വയനാട്ടിലെ പേരിയ 36 ടൗണിന് സമീപം താമസിക്കുന്ന വി.പി.കെ അബ്ദുല്ലയുടെ വീടിന്റെ ജി.ഐ പൈപ്പും, റൂഫിംഗ് ഷീറ്റു കൊണ്ടും നിർമ്മിച്ച മേൽക്കൂരയാണ് റോഡിലേക്ക് പതിച്ചത്. ആളപായമില്ല. കോഴിക്കോട് തുഷാരഗിരി അടിവാരം റോഡിലെ ചെമ്പുകടവ് പാലം മലവെളളപ്പാച്ചിലില്‍ പൂര്‍ണമായും മുങ്ങിയിരിക്കുകയാണ്. പാലത്തിലൂടെയുളള ഗതാഗതം നിർത്തി. മുണ്ടേരിയില്‍ താത്ക്കാലിക തൂക്കുപാലം ഒഴുകിപ്പോയി. കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചുപോയ ശേഷം റവന്യു വകുപ്പ് നിര്‍മ്മിച്ച താത്ക്കാലിക പാലമാണ് ഇപ്പോൾ ഒഴുകിപ്പോയത്. ഇതോടെ ഇരുട്ടുകുത്തി, വാണിയമ്ബുഴ, കുമ്ബളപ്പാറ, തരിപ്പപൊട്ടി കോളനികള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. മലപ്പുറത്ത് നിലമ്പൂരിലും, ആഢ്യന്‍ പാറയിലും ഉരുള്‍പ്പൊട്ടലുണ്ടായി. ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല.
കുട്ടന്പുഴ, കടവൂര്‍, നേര്യമംഗലം ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുളളതിനാല്‍ പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ ഷര്‍ട്ടറുകള്‍ ഉയര്‍ത്താൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി ചൂരല്‍മലയിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയില്‍ 390 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഉരുള്‍പൊട്ടല്‍ വെളളപൊക്ക ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെയാണ് വയനാട്ടിൽ മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. അതിനിടെ കേരളം ഉള്‍പ്പടെയുളള പത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ജലകമ്മിഷന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.