
കൊവിഡിന് പിറകെ ആശങ്ക പരത്തി കൊണ്ട് ചൈനയില്‍ പുതിയ വൈറസ് ബാധ. ഒരിനം ചെള്ള് കടിക്കുന്നതുത് വഴിയാണ് വൈറസ് പിടിപെടുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന സിവെര്‍ ഫിവര്‍ വിത്ത് ത്രോംബോസൈറ്റോഫീനിയ സിന്‍ഡ്രോം എന്ന വൈറസാണിത്. ഇതുവരെ വൈറസ് ബാധിച്ച് ചൈനയില്‍ ഏഴ് പേർ മരണപ്പെട്ടു. 60 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
ഒരു സ്ത്രീയ്‌ക്കാണ് ആദ്യം വൈറസ് ബാധ ഉണ്ടായത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് ശരീരത്തിലെ രക്ത പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമേണ കുറയുകയാണ് ഉണ്ടായത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ രോഗമുക്തി നേടി. ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത ഒഴിവാക്കാനാവില്ലെന്ന് ആണ് വിദഗ്‌ധര്‍ അവകാശപ്പെടുന്നത്. രക്തത്തിലൂടെയോ കഫം വഴിയോ വൈറസ് പകരാമെന്നും, ജാഗ്രത പാലിക്കുന്നിടത്തോളം കാലം പകര്‍ച്ചവ്യാധിയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. പനി, ക്ഷീണം, ഛര്‍ദി, വയറുവേദന, വിശപ്പില്ലായ്‌മ എന്നിവയാണ് സാധാരണ രോഗ ലക്ഷണങ്ങള്‍. നിലവില്‍ മരുന്നുകളൊന്നുമില്ലെന്നും എന്നാല്‍ കാര്യക്ഷമമായ ചികിത്സയിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്.
ഈ വൈറസ് പുതിയതല്ലെന്നും 2011ല്‍ ഇത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ചൈനയിലെ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. കഴിഞ്ഞ നവംബറില്‍ തായ്‌വാനില്‍ വൈറസ് ഒരു വൃദ്ധന് സ്ഥിരീകരിച്ചിരുന്നതാണ്. പനിയും ഛര്‍ദിയുമായിരുന്നു അയാളുടെ രോഗലക്ഷണം. രാജ്യാന്തര യാത്രകളൊന്നും നടത്താത്ത ഇയാള്‍ പതിവായി കുന്നുകളിലേക്ക് യാത്ര നടത്തിയിരുന്നു. ഷോര്‍ട്സ് ധരിക്കുന്നത് ഇയാൾക്ക് ശീലമായിരുന്നു. മരങ്ങളുള്ള പ്രദേശങ്ങളിലും ചെള്ളുകള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ള മറ്റു പ്രദേശങ്ങളിലും ഷോര്‍ട്സ് ധരിക്കുന്നത് ഒഴിവാക്കാന്‍ തായ്‌വാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.