മണ്ണിടിയുമ്പോൾ ലയത്തിൽ 80 ഓളം പേർ,നാല് പേരുടെ മൃതദേഹം കണ്ടെടുത്തു, 73 പേർ മണ്ണിനടിയിൽ

മുന്നാറിലെ രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ട നാല് പേരുടെ മൃതദേഹം ലഭിച്ചതായി
ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു. പരിക്കേറ്റ 10 പേരെ ടാറ്റാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. നാല് ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന് ഒലിച്ചുപോവുകയായിരുന്നു. 83 പേര്‍ താമസിച്ചിരുന്ന ലയത്തില്‍ പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. കെ.ഡി.എച്ച് കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. ഔദ്യോഗികമായി പുറത്തു വന്ന കണക്കുകൾ പ്രകാരം 73 പേർ മണ്ണിനടിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മലയുടെ ഒരു ഭാഗം പൊട്ടി ഒഴുകുകയായിരുന്നു. വന്‍ദുരന്തമാണ് നടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അപകടം നടക്കുമ്പോള്‍ ലയത്തില്‍ 80ഓളം ആളുകളുണ്ടായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു.
നാല് പേരെ മണ്ണിനടയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്‌സും രാജമലയിലേക്ക് തിരിച്ചിട്ടുണ്ട്. എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടന്നു വരുന്നത്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പെരിയവല പാലം താത്ക്കാലികമായി തുറന്നു. മൂന്നാറിലെ മണ്ണിടിച്ചിലില്‍ നാല് ലയങ്ങള്‍ ഒലിച്ചുപോയെന്നും നിരവധി പേരെ കാണാനില്ലെന്നും പഞ്ചായത്തംഗം ഗിരി പറഞ്ഞിട്ടുള്ളത്.
അതേസമയം, രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയില്‍ സംഭവിച്ചത് വൻ ദുരന്തമെന്നാണ് വനംമന്ത്രി കെ. രാജു പറഞ്ഞത്. നാല് ലൈനിലാണ് ഇവിടെ വീടുകളുള്ളതെന്നും 83 പേര്‍ താമസിച്ചിരുന്നു എന്ന വിവരമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. 83 പേരില്‍ ആറോ ഏഴോ പെരെ മാത്രമേ നിലവില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ളവര്‍ മണ്ണിനടിയിലാണെന്നാണ് അറിയുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ എല്ലാം അവിടെ എത്തിയിട്ടുണ്ട്. നിലവില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ് അവിടെ. ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ കഴിമെങ്കില്‍ ആ സാധ്യതയും പരിശോധിക്കും. ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടാണ് വനംവകുപ്പില്‍ നിന്നും ലഭിച്ചതെന്നും കെ. രാജു പറഞ്ഞു.