DeathKerala NewsLatest NewsNationalNews

ഉറക്കത്തിൽ കല്ലും, മണ്ണും, വെള്ളവുമായി ഒഴുകിവന്ന മരണം, രാജമല പെട്ടിമുടി ദുരന്തഭൂമിയാക്കി.

രാജമലയിലെ പെട്ടിമുടി കേരളത്തിലെ ദുരന്തഭൂമിയായി. ഉറക്കത്തിൽ കല്ലും, മണ്ണും, വെള്ളവുമായി ഒഴുകിവന്ന മരണം, രാജമല പെട്ടിമുടിയെ ദുരന്തഭൂമിയാക്കി മാറ്റി. കഷ്ടപ്പാടും പട്ടിണിയും കൊണ്ട് പൊറുതി മുട്ടി തമിഴ്‌നാട്ടിൽ നിന്ന് തോട്ടം മേഖലയിൽ പണിയെടുക്കാനെത്തിയ പാവങ്ങളുടെ ലയങ്ങളെ ഒഴുകിയെത്തിയ മരണം നിഛലമാക്കുകയായിരുന്നു. നാലാഴ്ചയായി കൂലിയില്ലാതെ ജീവിത ദുരിതത്തിന്റെ യാതനകൾ ഉള്ളിലൊതുക്കി ഉറങ്ങുമ്പോഴാണ് അവരെത്തേടി മുന്നറിയിപ്പില്ലാതെ മരണം എത്തിയത്. രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും അകപ്പെട്ടുപോയ 18 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെടുക്കാനായത്. കാണാതായ 48 പേര്‍ക്കായി ശനിയാഴ്ച രാവിലെ മുതൽ തെരച്ചില്‍ തുടരും. അപകടത്തിൽപ്പെട്ട 12 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഒരു കുട്ടിയും ഉണ്ട്. മൂന്നാർ മേഖലയില്‍ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരി ക്കുകയാണ്. ഉരുൾപൊട്ടലിൽ 30 മുറികളുള്ള 4 ലയങ്ങൾ പൂർണമായും ഉരുൾ പൊട്ടലിൽ തകരുകയായിരുന്നു.

മരിച്ച 18 പേരിൽ തിരിച്ചറിഞ്ഞ 15 പേരെയാണ് തിരിച്ചറിയാൻ കഴിഞ്ഞത്. ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസ്സിയമ്മാൾ (42), സിന്ധു (13), നിധീഷ് (25), പനീർശെൽവം (50), ഗണേശൻ (40). മരിച്ചവരിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടില്ല.

ആനമുടിമേൽ പെയ്‌തിറങ്ങിയ പേമാരിയിൽ വിറങ്ങലിച്ച്‌ നിൽക്കുകയാണ് ഇന്ന്‌ പെട്ടിമുടി താഴ്വാരമാകെ. മലയിടിഞ്ഞിറങ്ങി കല്ലും, മണ്ണും, വെള്ളവുമായി ദുരന്തം എത്തുകയായിരുന്നു. 76 പേരുടെ ജീവൻ മണ്ണാഴങ്ങളിലേക്ക്‌ പോയ കവളപ്പാറ, പുത്തുമല ദുരന്തത്തിന്‌ ഒരുവർഷം തികയുമ്പോഴാണ്‌ മറ്റൊരു നടുക്കുന്ന പ്രകൃതി ദുരന്തം കൂടി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇടുക്കിയിലുണ്ടായ 30ൽപരം വലിയ ഉരുൾപൊട്ടലിൽ ഏറെയും പാതിരാവിലും പുലർച്ചെയുമാണ് ഉണ്ടായത്‌. പ്രതിരോധം അസാധ്യമായ സമയത്തെ അപകടത്തിൽ ഇതുവരെ 158ലേറെ പേരുടെ ജീവനാണ്‌ മലയാള മണ്ണിൽ നഷ്ടമായത്.

ഇരവികുളം രാജമലയ്‌ക്കടുത്ത്‌ പെട്ടിമുടിയിൽ വ്യാഴാഴ്‌ച രാത്രി 11.30 ഓടെയാണ്‌ മണ്ണും കല്ലും നിറഞ്ഞ മലയിടിഞ്ഞിറങ്ങിയ ഉരുൾപൊട്ടലിൽ നാല്‌ എസ്‌റ്റേറ്റ്‌ ലയങ്ങൾ ഒലിച്ചുപോയത്‌. ഒരു കുലുക്കം പിന്നെ തുടർന്ന്‌ വലിയ ശബ്ദത്തോടെ മലമുകളിൽനിന്ന്‌ ആർത്തലച്ചു വരുകയായിരുന്നു മലവെള്ളം. നിമിഷങ്ങൾക്കകം എല്ലാം തകർന്നുപോവുകയായിരുന്നു. ജീവൻ ബാക്കിയാവർക്ക് ജീവിതത്തിലെ സമ്പാദ്യങ്ങളും, ബന്ധുക്കളെയും നഷ്ട്ടമായതിന്റെ വേദനയും കണ്ണീരും മാത്രം. സമീപ ലയങ്ങളിലുള്ളവർ സംഭവം അറിഞ്ഞുവന്നപ്പോഴേക്കും എല്ലാം അപ്രത്യക്ഷമായ അവസ്ഥയായിരുന്നു. വീടുകളുള്ള സ്ഥലം വെറും കല്ലുംമണ്ണും നിറഞ്ഞ വെള്ളമൊഴുകിപ്പോയ ഒരു ശ്മശാന ഭൂമിയായി. മൂന്നാറിൽനിന്ന് 25 കിലോമീറ്റർ അകലെ ഇരവികുളം നാഷനൽ പാർക്കിനടുത്ത് തേയിലത്തോട്ടങ്ങളുടെ നടുവിലാണ് പെട്ടിമുടി എസ്റ്റേറ്റ് ലയം. രണ്ടര കിലോമീറ്റർ അകലെ ഇടമലക്കുടി വനാതിർത്തിയിലെ മലമുകളിൽ നിന്നാണ് ഉരുൾപൊട്ടി താഴേക്കു കുതിച്ചെത്തിയത്.

തുടർച്ചായി ഒരാഴ്‌ചകാലമായി ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല. മൊബൈൽ കവറേജ്‌ കുറവുള്ള മേഖലയായതിനാൽ സംഭവം പുറംലോകം അറിയാനും വൈകി. കെഡിഎച്ച്‌പി നയമക്കാട്‌ എസ്‌റ്റേറ്റ്‌ പെട്ടിമുടി ഡിവിഷനിലെ ഈ ലയങ്ങളിൽ ഏതാണ്ട്‌ 25 മുതൽ 30 കുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. സമീപ ലയങ്ങളിലെല്ലാം കൂടി 300ഓളം തോട്ടം തൊഴിലാളികൾ താമസിച്ചുവരുന്നു. കോവിഡ്‌ കാലമായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ എല്ലാവരും വീടുകളിൽ തന്നെയായിരുന്നു. കനത്ത മഴ മൂലം പെട്ടിമുടി പുഴയിൽ ശക്തമായ കുത്തൊഴുക്കായിരുന്നു. പുഴയിൽനിന്നു 100 മീറ്റർ മുകളിലായാണ് ലയങ്ങൾ. ആളുകൾ പുറത്തേക്കിറങ്ങി ഓടിയെങ്കിലും പുഴ കടക്കാനാകാതെ കുടുങ്ങി. ലയങ്ങളുടെ ഇരുവശങ്ങളിലൂടെയും ഉരുൾ പൊട്ടിയെത്തിയതിനാൽ ഒരു വഴിക്കും ഓടി രക്ഷപ്പെടാൻ കഴിയാതിരുന്നതാണ്‌ ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചത്.

പെട്ടിമുടിയിലേക്ക്‌ മൂന്നാറിൽനിന്ന്‌ 30 കിലോ മീറ്റർ ആണ് ദൂരം. സംസ്ഥാനത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ്‌ ആനമുടി. ഇടമലക്കുടിയിലേക്കുള്ള വനപാതയുടെ ഭാഗമായ ഈ വഴി വളരെ ഇടുങ്ങിയതും ദുർഘടവും ആണ്. വനപാതയിലെ പലയിടങ്ങളിലും ഒരുവാഹനത്തിന്‌ കഷ്ടിച്ച്‌ പോകാൻകഴിയുന്ന സ്ഥിതി യാത്ര മാത്രമാണ് ഉള്ളത്. മൂന്നാർ, പഴമ്പള്ളിച്ചാൽ, വാളറ, കുന്തളംപാറ, കോമ്പയാർ, ഉപ്പുതോട്‌, വെള്ളിയാമറ്റം, നാൽപ്പതേക്കർ, കൂമ്പൻപാറ, നാടുകാണി തുടങ്ങിയ മേഖലകളിലെ ഉരുൾപൊട്ടലിന്റെ ഇന്നും നടുക്കുന്ന ഓർമകൾക്ക് പിറകെയാണ് പെട്ടിമുടി ദുരന്തം കൂടി ഉണ്ടായിരിക്കുന്നത്. കാറ്റും പേമാരിയും തുടരുന്നത്‌ മലമടക്കുകളിലെ നിവാസികളുടെ ഉറക്കം കെടുത്തുന്നുണ്ട്‌. പാതിരാവിൽ പതിയിരുന്ന ദുരന്തങ്ങളേറെയുണ്ട്‌. മൂന്നാർ, പഴമ്പള്ളിച്ചാൽ, വാളറ, കുന്തളംപാറ, കോമ്പയാർ, ഉപ്പുതോട്‌, വെള്ളിയാമറ്റം, നാൽപ്പതേക്കർ, കൂമ്പൻപാറ, നാടുകാണി തുടങ്ങിയ മേഖലകളിലെ ഉരുൾപൊട്ടലിന്റെ പൊള്ളുന്ന ഓർമയിലാണ്‌ മലയോരവാസികൾ.
കനത്ത മഴയും മൂടൽമഞ്ഞും കാരണം വൈകിട്ട് ആറരയോടെ വെള്ളിയാഴ്ച തിരച്ചിൽ അവസാനിപ്പിച്ചു. ശനിയാഴ്ച കൂടുതൽ തിരച്ചിലിന് ഉപകരണങ്ങളടക്കം സ്ഥലത്തെത്തിച്ചതായി ഇടുക്കി കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. 25 അംഗ ദേശീയ ദുരന്തനിവാരണ സേനയും വെള്ളിയാഴ്ച വൈകിട്ടോടെ എത്തി. സർക്കാരിന്റെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾക്ക് മോശം കാലാവസ്ഥമൂലം എത്താനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയുണ്ടായി. ഇടുക്കി എംപി ഡീന്‍ക്കുര്യാക്കോസ്,ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍,മൂന്നാര്‍ ഡിവൈഎസ്പി രമേഷ്‌കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. പത്തിലധികം ജെസിബികളും ഹിറ്റാച്ചികളും മേഖലയില്‍ തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ പെട്ടിമുടിക്കു സമീപമുള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരിക്കുകയാണ്. മോർച്ചറിയോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാലാണ് ഇത്. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ഇവിടെത്തന്നെ സംസ്കാരം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button