കരിപ്പൂരിലെ പോലെ നഷ്ട്ട പരിഹാരം പെട്ടിമുടിക്കാർക്കും നൽകണം.രമേശ് ചെന്നിത്തല

കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയ പോലെ തന്നെ ധനസഹായം ഇടുക്കി പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍പ്പെട്ടവര്‍ക്കും നല്‍കണമെന്ന് രമേശ് ചെന്നിത്തല. കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് മാത്രം പത്ത് ലക്ഷം ധനസഹായം നല്‍കുന്നത് വിവേചനമാണെന്നും മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനാല്‍ നാട്ടുകാര്‍ക്ക് അതൃപ്തിയുണ്ടെന്നും രമേശ് ചെന്നിത്തല മൂന്നാറില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുന്നാറിലെ രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി മൂന്നാം ദിനവും തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച രാവിലെ ഒരു മൃതദേഹം കൂടി കണ്ടെത്താനായി. ഇതുവരെ 27 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് നിര്‍ത്തിവച്ച തിരച്ചില്‍ ഞായറാഴ്ച രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു. രാജമലയിലെ ദുരിതബാധിതരോട് സര്‍ക്കാര്‍ വേര്‍തിരിവ് കാണിക്കുന്നെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആരോപിച്ചു. വിമാനദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് തന്നെയാണ്. സമാന പരിഗണന ഇടുക്കിക്കാര്‍ക്കും നല്‍കണമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
ശനിയാഴ്ച 9 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അപകടം നടക്കുമ്പോൾ നാല് ലയങ്ങളിലായി 78 പേരുണ്ടെന്നായിരുന്നു ഔദോഗികമായി അറിയിച്ചിരുന്നത്. എന്നാല്‍, പ്രദേശത്തെ ചിലരുടെ ബന്ധുക്കളടക്കം 83 പേര്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ 45 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. 12 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
ചവിട്ടിയാല്‍ അരയൊപ്പം വിഴുങ്ങുന്ന ചെളി നീക്കം ചെയ്തുള്ള രക്ഷാപ്രവര്‍ത്തനം അഗ്‌നിശമന സേനയുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണു നടക്കുന്നത്. മഴ രക്ഷാദൗത്യത്തെ ബാധിക്കുന്നുണ്ടെന്ന് എന്‍ഡിആര്‍എഫ് കമാന്‍ഡന്റ് രേഖാ നമ്പ്യാര്‍ പറഞ്ഞു. മഴവെള്ളം ദുരന്തസ്ഥലത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത് സുരക്ഷാ സംഘത്തെ ആശങ്കയിലാക്കുകയാണ്.
തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിക്കുമെന്ന് റീജീണല്‍ ഓഫീസര്‍ ഷിജു കെ കെ വ്യക്തമാക്കി. ഇടുക്കിയിലെ സേനയ്ക്ക് കൂടാതെ കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്ന് പ്രത്യേക സംഘം സ്ഥലത്ത് എത്തി. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തടസ്സമാകുമ്പോഴും പെട്ടിമുടിയുടെ മണ്ണിലമര്‍ന്നവരെ കണ്ടെത്താനുള്ള തിരച്ചില്‍ സാഹസികമായി തന്നെ നടക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് 200 ദുരന്തനിവാരണ സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തും, ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നതാണ്.
പ്രദേശത്ത് വീണ്ടും ചെറിയ മണ്ണിടിച്ചില്‍ ഉണ്ടാകുന്നതും, കുത്തൊഴുക്കായി മലവെള്ളം എത്തുന്നതും വെല്ലുവിളി ഉയർത്തുന്നുണ്ട്. പെട്ടിമുടിയിലെ 3 ഏക്കര്‍ പ്രദേശത്താണ് കല്ലും മണ്ണും നിറഞ്ഞു കിടക്കുന്നത്. ഇതിനടിയിലാണ് കണ്ടെത്താനുള്ളവർ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ അവസാനഭാഗത്തായിരുന്നു പെട്ടിമുടി ലയങ്ങള്‍. മണ്ണുമാന്തി യന്ത്രങ്ങള്‍ക്കു സഞ്ചരിക്കാന്‍ ചതുപ്പുപ്രദേശങ്ങളില്‍ മരങ്ങള്‍ മുറിച്ചിട്ടു വഴിയൊരുക്കിയിരിക്കുകയാണ്. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ നാട്ടുകാരുടെ സഹായത്തോടെ ലയങ്ങളുടെ സ്ഥാനം കണക്കാക്കിയിട്ടുണ്ട്. 7 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോൾ തിരച്ചില്‍ നടക്കുന്നത്. പ്രദേശത്ത് വൈദ്യുതി ഇതുവരെ പുനഃസ്ഥാപിക്കാത്തതിനാല്‍ രാത്രി തിരച്ചില്‍ തുടരാന്‍ കഴിയില്ല.ഒപ്പം ഉരുള്‍പൊട്ടല്‍ സാധ്യതയും നിലനിൽക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായില്ലെങ്കില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കല്‍ ഇനിയും വൈകുമെന്നതാന് ആശങ്ക ഉണ്ടാക്കുന്നത്. രാജമലയിലെ നൈമക്കാട് ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച മോര്‍ച്ചറിയില്‍ ശനിയാഴ്ച 18 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. തുടര്‍ന്ന് രാജമല എസ്റ്റേറ്റില്‍ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ച് അവ തുടർന്ന് സംസ്കരിക്കുകയായിരുന്നു. കണ്ടെടുത്ത മൃതദേഹങ്ങളിൽ ബാക്കി മൃതദേഹങ്ങള്‍ ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്ത് സംസ്കരിക്കും.