പെട്ടിമുടിക്കാരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്ന ലയങ്ങൾ കാലിൽതൊഴുത്തിനേക്കാൾ കഷ്ട്ടം, ഇതാണോ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരെ സർക്കാരിന്റെ നെഞ്ചോടുള്ള ചേർത്തുപിടിക്കൽ ?

രാജമല പെട്ടിമുടിയിൽ ഉരുള്‍ പൊട്ടലില്‍ രക്ഷപ്പെട്ടവരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്ന ലയത്തിന്റെ ചിത്രമാണിത്. ഒന്ന് നോക്കൂ, എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന ഈ കെട്ടിടത്തിലാണ് ഉരുൾ വീഴുന്നതിന്റെ നേർക്കാഴ്ച്ചക്കാരായി, ഞെട്ടൽ വിട്ടുമാറുന്നതിനു മുൻപ്
പാവങ്ങളെ മാറ്റിപ്പാർപ്പിച്ച ഇടം. കാലിതൊഴുത്തിനേക്കാൾ കഷ്ട്ടമായ അപകടം പതിയിരിക്കുന്ന ഈ കെട്ടിടത്തിലാണ് ജീവൻ രക്ഷപെട്ടവരെ
പാർപ്പിച്ചിരിക്കുന്നത്. ഇതാണോ, തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തില്‍ ശക്തമായി ഇടപെടുമെന്ന് മന്ത്രിമാർ പറഞ്ഞ ഇടം. കഷ്ട്ടം ക്രൂരമല്ല, അതിക്രൂരമാണിത്. കണ്ണൻദേവൻ കമ്പനിയാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് താമസയോഗ്യമല്ലാത്ത ലയങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ചിലർ കമ്പനി നൽകിയ ലയങ്ങൾ വേണ്ടെന്ന് പറഞ്ഞു ബന്ധുവീടുകളിലേക്ക് അഭയം തേടി പോയി. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട ജനതയെ ചേർത്തു പിടിക്കേണ്ടത് വലിയ ഉത്തരവാദിത്തം എന്ന് മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചതും, പത്രസമ്മേളനം നടത്തി പറഞ്ഞതുമായ ചേർത്തുപിടിക്കൽ ഇതാണോ. രാജമല പെട്ടിമുടിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പ്രത്യേകം നിയോഗിച്ച നമ്മുടെ വൈദ്യുത മന്ത്രി എം എം മണിയാണ് രക്ഷപെട്ടവർക്ക് സൗകര്യം ഒരുക്കാൻ മുന്നിൽ നിന്നത്. ഈ ആവശ്യം കണ്ണൻദേവൻ കമ്പനിയുടെ രാജമലയിലെ നടത്തിപ്പുകാരെ, അറിയിച്ച ശേഷം അവർ നൽകിയ ലയം താമസ യോഗ്യമാണോ എന്നുപോലും ചുമതലപെട്ട മന്ത്രിയോ ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥരോ നോക്കിയില്ല.
എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന കെട്ടിടത്തിലേക്കാണ് അവരെ മാറ്റിയിരിക്കുന്നത്. ഇതിലും ഭേദം പെട്ടിമുടിയിൽ മരിക്കുന്നതായിരുന്നു എന്ന് ഇവിടേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ടവർക്ക് പറയേണ്ട അവസ്ഥയാണ് ഉണ്ടായത്. തൊട്ടുമുന്നിൽ അയൽക്കാരെയും, ബന്ധുക്കളെയും ഉരുളെടുക്കുന്നത് കണ്ടുനിന്നതിന്റെ വേദനയുമായി കഴിയുന്നവരെയാണ് മറ്റൊരു ദുരന്തത്തിന് കാരണമായേക്കാവുന്ന ലവലേശം സുരക്ഷിതമല്ലാത്ത ലയത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നത്. തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തില്‍ ശക്തമായി ഇടപെടുമെന്ന് മന്ത്രിമാരടക്കം വീമ്പിളക്കി പ്രസ്താവനയും, മുഴുനീള പത്രക്കുറിപ്പും, തള്ളോട് തള്ളും നടത്തുമ്പോൾ അക്ഷരാർത്ഥത്തിൽ യാതൊരു പരിഗണനയും ഇവർക്ക് സത്യത്തിൽ ലഭിക്കുന്നില്ല.
പശുത്തൊഴുത്തിനേക്കാള്‍ മോശമാണ് കണ്ണൻ ദേവൻ എസ്റ്റേറ്റിലെ ഒട്ടുമിക്ക ലയങ്ങളും. ഇതൊക്കെ ചോദിക്കാനും, പറയാനും, തൊഴിലാളികൾക്ക് സുരക്ഷാ ഉറപ്പു വരുത്താനും ചുമതലപെട്ട മന്ത്രിമാർക്കും ട്രേയ്ഡ് യൂണിയൻ നേതാക്കൾക്കും ഇക്കാര്യങ്ങളിൽ ഇടപെടാൻ ചില പരിമിതികൾ ഉണ്ട്. അത് ആകട്ടെ, തൊഴിലാളി മുതലാളി ബന്ധത്തേക്കാൾ വലുതായ മുതലാളി രാഷ്ട്രീയ ധാരണകളാണ്. ആ ധാരണകളാണ് തോട്ടം തൊഴിലാളി മേഖലയിൽ ഇന്നും കൊടികുത്തി വാഴുന്നത്. അത് തന്നെയാണ് തൊഴിലാളി ചൂഷണങ്ങൾക്ക് ഇന്നും വഴിമരുന്നാകുന്നത്. ഞങ്ങൾ തൊഴിലാളികളുടെ വക്താക്കളാണെന്നു അവകാശപ്പെടുന്ന ഒരു ഭരണം നടക്കുമ്പോൾ പോലും സംസ്ഥാനത്തിന്റെ
തൊഴിലാളി വർഗ്ഗത്തിന്റെ ദുർഗതിയാണിതെന്ന് ഓർക്കണം.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പെട്ടിമുടിയിലെ കണ്ണൻദേവൻ കമ്പനിയുടെ കെട്ടിടത്തിലെ ജനാലകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടാണ് മറച്ചിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാവുന്ന ലയത്തിൽ അപകടം മുന്നിൽകണ്ടാണ് ഉരുളിൽ നിന്ന് രക്ഷപ്പെട്ടവർ ഇന്ന് താമസിക്കുന്നത്. ഒറ്റമുറിമാത്രമുള്ള വീടെന്നു പറയുന്ന തൊഴുത്തിൽ മൂന്ന് കുടുംബങ്ങളിലെ 12 പേർ താമസിക്കുന്നു എന്നുപറഞ്ഞാൽ ആരും മൂക്കത്ത് വിരൽ വെച്ചുപോകും. സത്യമാണിത്. ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട, പെട്ടിമുടിയിലെ ഷണ്മുഖയ്യ, ഭാര്യ മഹാലക്ഷ്മി, മക്കളായ മഹാരാജ, ലാവണ്യ എന്നിവരും മറ്റൊരു കുടുംബത്തിലെ അംഗങ്ങളായ വിജയകുമാര്‍, ഭാര്യ രാമലക്ഷ്മി, മക്കളായ മിഥുന് കുമാര്‍, രഞ്ജിത് കുമാര്‍ എന്നിവരും കന്നിമല ടോപ് ഡിവിഷനിലെ ബന്ധുവായ മുനിയസ്വാമിയുടെ വീട്ടിലാണ് താമസം. മുനിയസ്വാമിയുടെ ഭാര്യയും മൂന്നുമക്കളും ഇതേ മുറിയിൽ തന്നെ കഴിയുന്നു. ഇത് മനഃസാക്ഷിയുള്ളവർ അറിയണം. ഇതാണ് ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട ജനതയെ സർക്കാരിന്റെ, നെഞ്ചോടുള്ള ചേർത്തുപിടിക്കൽ. കേരളമേ കേഴുക എന്നല്ലാതെ എന്താണ് ഇതിന് പറയുക.
വള്ളിക്കീഴൻ