നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ 1.30 കോടി രൂപ നഷ്ടപരിഹാരം നല്‍കി.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ വ്യക്തിപരമായ വേട്ടയാടലിന് ഇരയായ ശേഷം കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ 1.30 കോടി രൂപ നഷ്ടപരിഹാരം നല്‍കി. തിരുവനന്തപുരം സബ് കോടതിയില്‍ നമ്പി നാരായണന്‍ നല്‍കിയ കേസിലെ ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് തുക നല്‍കിയത്. നേരത്തെ കൈമാറിയ 60 ലക്ഷം രൂപയ്ക്ക് പുറമെയാണിത്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറിയത്. ചാരക്കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ നമ്പി നാരായണന് 2018 സെപ്റ്റംബര്‍ 14ലെ സുപ്രീം കോടതി വിധി പ്രകാരമായിരുന്നു നേരത്തെ 50 ലക്ഷം രൂപയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത 10 ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കിയിരുന്നത്.
തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയിരുന്ന കേസ് പിന്‍വലിക്കാന്‍ സമ്മതം അറിയിച്ച് അദ്ദേഹം സര്‍ക്കാരിന് അപേക്ഷ നല്‍ക്കുകയായിരുന്നു. പിന്നീട് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്താന്‍ 2019 ഫെബ്രുവരി ഒന്നിന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതിനകം ലഭിച്ച നഷ്ടപരിഹാര തുകയ്ക്ക് പുറമെ സബ്‌കോടതിയില്‍ കേസ് ഫയല്‍ ചെയ്ത വകയില്‍ ചെലവായ 1.3 കോടി രൂപയും സര്‍ക്കാര്‍ തന്നെ നല്‍കണമെന്ന് സബ് കോടതി ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ജനുവരി 14നാണ് കേസ് അവസാനിപ്പിച്ച് ഉത്തരവുണ്ടാകുന്നത്. നമ്പി നാരായണനുമായി നടത്തിയ ഒത്തുതീര്‍പ്പ് പ്രകാരം എതിര്‍ കക്ഷികളില്‍ നിന്ന് പത്ത് ലക്ഷം രൂപ വീതം വാങ്ങി നല്‍കാം എന്നായിരുന്നു ധാരണ. 2003ല്‍ നമ്പി നാരായണന്‍ കോടതിയില്‍ നല്‍കിയ പരാതിയനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, എ.ഡി.ജി.പി, വഞ്ചിയൂര്‍ എസ്.ഐ, സിബി മാത്യൂസ്, സെന്‍കുമാര്‍, സി.ഐ എസ് വിജയന്‍, ജോഗേഷ്, മാത്യു ജോണ്‍, ആര്‍.ബി ശ്രീകുമാര്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവരായിരുന്നു കേസിലെ എതിര്‍കക്ഷികള്‍.
മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നിശ്ചയിക്കപ്പെടുന്നത്. ഇതോടെ ചാരക്കേസിനെ തുടര്‍ന്ന് ജോലിയിൽ തുടരാനാകാതെ വന്ന നമ്പി നാരായണനു സര്‍ക്കാര്‍ ആകെ ഒരുകോടി 90 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആയി നൽകേണ്ടി വന്നത്.