കേരളത്തിന്റെ കത്ത് തമിഴ്‌നാടിന് കിട്ടിയില്ല, മുല്ലപ്പെരിയാർ അനിശ്ചിതത്വം തുടരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലെത്തിയിട്ടും ഷട്ടറുകൾ തുറക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. തമിഴ്നാട് ടണൽ വഴി കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും ഡാമിലേക്കുള്ള നീരൊഴുക്കും ഇപ്പോൾ ഒരുപോലെയാണെന്നാണ് വിവരം. ജലനിരപ്പ് പെട്ടെന്ന് കൂടുന്നതിനെ ഇതാണ് തടയുന്നത്. നേരത്തെ 136 അടിയാകുമ്പോൾ വെള്ളം ഒഴുക്കിവിടണമെന്ന് കേരളം നൽകിയ കത്തിനെ പറ്റി പോലും അറിയില്ലെന്ന തരത്തിലാണ് തമിഴ്‌നാടിന്റെ നിലപാട്. ജലനിരപ്പ് 138 അടിയിലെത്തുമ്പോൾ എങ്കിലും വെള്ളം ഒഴുക്കിവിട്ട് ആശങ്ക ഒഴിവാക്കണമെന്നാണ് കേരളം ഇപ്പോൾ ആവശ്യപ്പെടുന്നത്.
മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത് പെരിയാറിന്റെ തീരത്തുള്ളവർക്ക് ആശ്വാസം നൽകിയിരിക്കുകയാണ്.
വെള്ളം ഒഴുക്കി വിടണമെന്ന ആവശ്യം ജില്ലാഭരണകൂടവും മുല്ലപ്പെരിയാർ ഉപസമിതിയിലെ കേരള പ്രതിനിധികളും തമിഴ്നാടിനോട് ആവശ്യപ്പെട്ടുണ്ട്. ബുധൻ, വ്യാഴം വെള്ളി ദിവസങ്ങളിലെ മഴ കൂടി നോക്കിയ ശേഷമേ തമിഴ്‌നാട് ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദിക്കപ്പെട്ടിരിക്കുന്ന ജലനിരപ്പ്. ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ മുല്ലപ്പെരിയാർ ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധികൾ ആവർത്തിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നൽകാതെ തമിഴ്‌നാട് ഒഴിഞ്ഞുമാറുകയാണ്. ബുധനാഴ്ച ഉപസമിതി അംഗങ്ങൾ ഓൺലൈൻ വഴി യോഗം ചേരുന്നുണ്ട്. സ്‌പിൽവേയിലൂടെ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഗസ്റ്റ് 6 ന് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് തമിഴ്‌നാടിന് അയച്ചതായി പറയപ്പെടുന്ന കത്ത് ലഭിച്ചിട്ടില്ലെന്നാണ് തമിഴ്‌നാട് ഉദ്യോഗസ്ഥർ പറയുന്നത്. കത്ത് എവിടെ മുങ്ങിയെന്നു അറിയില്ല. ചൊവ്വാഴ്ച അണക്കെട്ടിൽ പരിശോധനയ്ക്ക് എത്തിയ, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് മുല്ലപ്പെരിയാർ ഉപസമിതിയോട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.