ഇന്ത്യയിൽ 24 മണിക്കൂറിൽ 60,963 പേർക്ക് കോവിഡ്, 834 മരണം കൂടി.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും 60,000 കവിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയതിന്റെ പുതുക്കിയ കണക്കിൽ അവസാന 24 മണിക്കൂറിൽ 60,963 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 834 ആണ് മരണം. ഇതോടെ മൊത്തം
മരണസംഖ്യ 46,091 ആയി. മൊത്തം രോഗബാധിതർ 23,29,638. 16.39 ലക്ഷം പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് ഇപ്പോൾ കൊവിഡ് ചികിത്സയിലുള്ളത് 6,43,948 പേരാണ്. 11,088 പുതിയ കേസുകൾ കണ്ടെത്തിയ മഹാരാഷ്ട്ര രോഗവ്യാപനം കുറയുന്നില്ല. 5.35 ലക്ഷത്തിലേറെ രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ആക്റ്റിവ് കേസുകൾ 1.48 ലക്ഷത്തിലേറെ. 256 മരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ മാത്രം കൊവിഡ് മരണം 18,306 ആയി.
917 പുതിയ കേസുകളും 48 മരണവുമാണ് മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉണ്ടായത്. 1,25,224 പേർ രോഗബാധിതരായി. 6893 പേർ മുംബൈയിൽ ഇതുവരെ വൈറസ് ബാധിച്ചു മരിച്ചിട്ടുണ്ട്. 18,887 ആക്റ്റിവ് കേസുകളാണ് മുംബൈയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. തമിഴ്നാട്ടിൽ 5834 പുതിയ കേസുകളും 118 മരണവുമാണ് അവസാന 24 മണിക്കൂറിൽ. മൊത്തം കേസുകൾ 3.08,649. ഇതുവരെയുള്ള കൊവിഡ് മരണം 5,159. രണ്ടര ലക്ഷത്തിലേറെ പേർ രോഗമുക്തരായിട്ടുണ്ട്. 9,024 പുതിയ രോഗബാധിതരെ കണ്ടെത്തി ആന്ധ്രപ്രദേശ്. 87 മരണവും സംസ്ഥാനത്തുണ്ടായി. ആന്ധ്രയിലെ മൊത്തം കേസുകൾ 2.44 ലക്ഷം പിന്നിട്ടു. മരണസംഖ്യ 2,203. ആക്റ്റിവ് കേസുകൾ 87,597.
കർണാടകയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,252 പേർക്കാണ്. മൊത്തം കേസുകൾ 1.88 ലക്ഷം. ലക്ഷത്തിലേറെ പേർ രോഗമുക്തരായി. 3398 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ 86 പേരുടെ മരണം കൂടി രേഖപ്പെടുത്തി. ഡൽഹിയിൽ 1.47 ലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ രോഗബാധ. ഇതിൽ 1.32 ലക്ഷം പേരും രോഗമുക്തരായി. 4,139 പേർ മരിച്ചു. ഉത്തർപ്രദേശിലും അയ്യായിരത്തിലേറെ പേർക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 5,041 പേർക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം പറയുന്നു. മൊത്തം വൈറസ് ബാധിതർ 1.31 ലക്ഷത്തിലേറെയായി. 2,176 പേർ ഇതുവരെ മരിച്ചു. 48,998 ആക്റ്റിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. പശ്ചിമ ബംഗാളിൽ മൊത്തം രോഗബാധിതർ ഒരുലക്ഷം കവിഞ്ഞു. ചൊവ്വാഴ്ച 2,931 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 49 മരണം കൂടിറിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ 2,149 പേരാണ് ബംഗാളിൽ മരിച്ചത്. ബിഹാറിൽ 86,000ലേറെ വൈറസ്ബാധിതരാണ് ഉള്ളത്.