ക്രൈം ബ്രാഞ്ച് ഐ ജി ഇ ജെ ജയരാജനെ എഡിജിപിയായി സർക്കാർ സ്ഥാനക്കയറ്റം നൽകി.

ക്രൈം ബ്രാഞ്ച് ഐ ജി ഇ ജെ ജയരാജന് തീരദേശ സുരക്ഷയുടെ എഡിജിപിയായി സർക്കാർ സ്ഥാനക്കയറ്റം നൽകി. പൊലീസ് വാഹനത്തിൽ പൊതു സ്ഥലത്ത് മദ്യപിച്ചതിന് സസ്പെൻഷ നിലായിരുന്ന ജയരാജനെ വകുപ്പ് തല അന്വേഷണത്തിൽ കുറ്റവിമുക്തനാക്കുകയായിരുന്നു. ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചതിനും പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും ജയരാജിനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നതാണ്. ഡിജിപി ശങ്കർ റെഡ്ഡി നടത്തിയ അന്വേഷണത്തിൽ ജയരാജൻ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നതാണ്.
പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലകിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജയരാജനെ കുറ്റവിമുക്തനാക്കുന്നത്. ഡിജിപി ശങ്കർ റെഡ്ഡി നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജയരാജനെ, ജയതിലക് തന്റെ അന്വേഷണ റിപ്പോർട്ടിലൂടെ രക്ഷയൊരുക്കി. തുടർന്ന് സർക്കാർ ജയരാജന്റെ സസ്പെൻഷൻ റദ്ദാക്കി. മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ സന്തോഷിനെതിരെയും, ഡ്രൈവറെ മദ്യപിക്കാന്‍ പ്രേരിപ്പിച്ചതിന് ഐജിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നെങ്കിലും അതെല്ലാം സർക്കാർ ഒറ്റയടിക്ക് ഒഴിവാക്കി. ഡ്രൈവര്‍ സന്തോഷിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്റ് ചെയ്തിരുന്നതാണ്.
പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇന്റലിജന്‍സിലും അതിനുശേഷം ക്രൈംബ്രാഞ്ചിന്റെ ഉത്തരമേഖലയുടെ ചുമതലയുള്ള ഐ ജിയായും ജയരാജനെ നിയമിച്ചിരുന്നു. ക്രമസമാധാനചുമതല തന്നെ കിട്ടാൻ ഒരു റെയ്ഞ്ചിനായി ഐജി നീക്കങ്ങള്‍ നടത്തവെയായിരുന്നു ജയരാജ് മദ്യപാനപ്രശ്നത്തിൽ കുടുങ്ങി സസ്പെൻഷനിൽ ആകുന്നത്. മദ്യലഹരിയിൽ ട്രെയിന്‍ യാത്രക്കിടെ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിന് ജയരാജന് നേരത്തെയും സസ്പെന്ഷൻ ലഭിച്ചിരുന്നതാണ്. അന്ന് ഒരു ശാസനയിൽ ഒതുക്കി സര്‍വ്വീസില്‍ തിരിച്ചെടുക്കുകയായിരുന്നു.