പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തിങ്കളാഴ്ച 110 തടവുകാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 470 ആയി. നിലവില്‍ 970 തടവുകാരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്.മുഴുവന്‍ തടവുകാരുടെയും ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. രോഗം ബാധിച്ച കിളിമാനൂര്‍ സ്വദേശിയായ തടവുകാരന് കഴിഞ്ഞദിവസം മരിച്ചതും ആശങ്കയുണര്‍ത്തുന്നു.
ജയിലിലെ നാല് ജീവനക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച ജീവനക്കാരുടെ എണ്ണം ഒമ്പതായി. 100 ജീവനക്കാര്‍ക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. ഡി.എം.ഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ജയില്‍ സന്ദര്‍ശിച്ചു.
ഞായറാഴ്ചയിലെ കണക്കനുസരിച്ച് ദക്ഷിണമേഖലില് 1215 തടവുകാരെ പരിശോധിച്ചതില്‍ 427 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പൂജപ്പുരയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലെയും തടവുകാരില്‍ ആന്റിജന്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
ദക്ഷിണമേഖലയിൽ തിങ്കളാഴ്ചത്തെ കണക്കു പ്രകാരം 537 രോഗബാധിതരുണ്ട് 217 ജീവനക്കാരെ പരിശോധിച്ചതില്‍ 28 പേരും രോഗബാധിതരാണ്. തിങ്കളാഴ്ചയിലെ കണക്കുകൂടി കൂട്ടിയാല്‍ ഇത് 32 ആകും. മധ്യമേഖലയില്‍ 97 തടവുകാരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗമില്ല.ജീവനക്കാരിൽ ചിലർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തരമേഖലയില്‍ 302 തടവുകാരെയും 172 ജീവനക്കാരെയും പരിശോധിച്ചതില്‍ ഒരാള്‍ക്കും രോഗമില്ലെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് അറിയിച്ചു.
കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് 72 കാരന് മരിക്കുകയും തടവുകാരില്‍ രോഗം പടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രായമായവരെ മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റായവരെയും നെഗറ്റിവായവരെയും രണ്ട് ഗ്രൂപ്പായി വിവിധ ബ്ലോക്കുകളിലായിരിക്കും പാര്‍പ്പിക്കുക. ജയിലില്‍ സ്പെഷല്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചതായി ജയില്‍ മേധാവി ഋഷിരാജ് സിങ് പറഞ്ഞു.