തർക്കം രൂക്ഷം,പി.ജെ ജോസഫിനടക്കം വിപ്പ് നൽകി ജോസ് വിഭാഗം

തിങ്കളാഴ്ച മുതൽ നിയമസഭാ സമ്മേളനം ചേരാനിരിക്കെ കേരള കോൺഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി പി.ജെ ജോസഫ് അടക്കമുള്ള എം.എൽ.എമാർക്ക് ജോസ് വിഭാഗം വിപ്പ് നൽകി. ജോസഫ് വിഭാഗത്തിലെ അടക്കം എം.എൽ.എമാരുടെ ഹോസ്റ്റൽ മുറിക്ക് മുന്നിൽ ജോസ് പക്ഷം വിപ്പ് പതിപ്പിച്ചു.
നേരത്തെ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു. ജോസ് വിഭാഗം വിപ്പ് ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ജോസഫ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് ജോസ് പക്ഷത്തിൻെ്‌റ നടപടി. തിങ്കളാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിന്നും അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാനാണ് ജോസ് വിഭാഗത്തിൻെ്‌റ തീരുമാനം. എന്നാൽ ജോസഫ് വിഭാഗം യു.ഡി.എഫിന് അനുകൂല നിലപാടിലാണുള്ളത്. രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും യു.ഡി.എഫ് നിലപാടിനെ പിന്തുണയ്ക്കില്ലെന്നും ജോസ് കെ. മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. പി.ജെ ജോസഫ് വിഭാഗം നൽകിയ വിപ്പ് അംഗീകരിക്കില്ല. എം.എൽ.എമാർക്ക് വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. തങ്ങളെ മുന്നണിയിൽ നിന്ന് പുറത്താക്കിയതാണെന്നും അതിനാൽ മുന്നണിക്ക് നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
എന്നാൽ പ്രമേയത്തിൽ ജോസ് വിഭാഗം പങ്കെടുക്കാൻ ബാധ്യസ്ഥരാണെന്നാണ് ജോസഫ് വിഭാഗത്തിൻെ്‌റ നിലപാട്. ചീഫ് വിപ്പ് ആയി മോൻസ് ജോസഫിനെ തിരഞ്ഞെടുത്തത് സ്പീക്കറെ അറിയിച്ചതാണ്. വിപ്പ് ലംഘനം ഉണ്ടായാൽ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജോസഫ് വ്യക്തമാക്കി.