സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും.

സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനം സോണിയാ ഗാന്ധി ഒഴിഞ്ഞേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കോൺഗ്രസിലെ പ്രമുഖരായ 23 നേതാക്കൾ അയച്ച കത്തിന് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ പ്രതികരണം. ഞാൻ കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയാൻ ആഗ്രഹിക്കുകയാണെന്നും പാർട്ടി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നുമായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്. നേതാക്കളുടെ കത്തിന് സോണിയ ഗാന്ധി ഔദ്യോഗികമായി പ്രതികരിച്ചുവെന്നും ഇടക്കാല പ്രസിഡന്റിന്റെ ഒരു വർഷ കാലാവധി പൂർത്തിയായെന്നും സോണിയ പറഞ്ഞു.
തിങ്കളാഴ്ചയാണ് പ്രവർത്തക സമിതി യോഗം ചേരുന്നത്. നേതാക്കൾ അയച്ച കത്തിനെ തുടർന്നാണ് പ്രവർത്തക സമിതി യോഗം വിളിച്ചത് എന്നാണ് വിവരം. നേതാക്കളുടെ കത്തിൽ ഉന്നയിച്ച സംഘടനാ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. താൻ ഒഴിയാൻ ആഗ്രഹിക്കുന്നുവെന്നും പുതിയ നേതാവിനെ കണ്ടെത്തണമെന്നും തിങ്കളാഴ്ചത്തെ യോഗത്തിൽ സോണിയ വ്യക്തമാക്കിയേക്കും.
പുതിയ അധ്യക്ഷന്റെ കാര്യത്തിൽ കഴിഞ്ഞദിവസം ഗുലാം നബി ആസാദുമായി സോണിയ ഗന്ധി ഫോണിൽ സംസാരിച്ചിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് ആസാദ്. പാർട്ടിയുടെ സംഘടന തലത്തിൽ അഴിച്ചുപണി വേണമെന്നാണ് ശശി തരൂർ, അമരീന്ദർ സിങ് ഉൾപ്പെടെയുള്ള പ്രമുഖരായ കോൺഗ്രസ് നേതാക്കൾ അയച്ച കത്തിൽ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയും കോൺഗ്രസ് ദുർബലമായാൽ ബിജെപി ശക്തിപ്പെടുമെന്നും നേതാക്കൾ ഉണർത്തിയിരുന്നു. നിലവിലെ നേതൃത്വം സ്വീകരിച്ച പല കാര്യങ്ങളും നേതാക്കൾ ചോദ്യം ചെയ്തു.
രാഹുൽ ഗാന്ധി ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് അടുത്തിടെ കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ ആവശ്യം ശക്തമായിരുന്നു. സോണിയ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തിലാണ് എംപിമാർ ആവശ്യം ഉന്നയിച്ചത്. ദേശീയ പ്രസിഡന്റില്ലാത്തത് പാർട്ടിയിൽ അസ്ഥിരതക്ക് കാരണമായി എന്നാണ് ഇവരുടെ അഭിപ്രായം. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത രാജിവച്ച രാഹുൽ ഗാന്ധിയുടെ രാജി പ്രവർത്തക സമിതി സ്വീകരിച്ചിട്ടില്ല. അദ്ദേഹം പദവി ഏറ്റെടുക്കാൻ തയ്യാറായിട്ടുമില്ല. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പ്രസിഡന്റ് വരട്ടെ എന്നാണ് രാഹുലിന്റെ നിലപാട്. ഇതിനോട് നേരത്തെ പ്രിയങ്ക യോജിച്ചിരുന്നു.