തീപിടുത്തം, വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച വിവരങ്ങൾ പുറത്തായ പിറകെ.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗു വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ടും, പ്രോട്ടോക്കോൾ ലംഘനങ്ങൾ സംബന്ധിച്ചും, കേരള സർക്കാരുമായി ബന്ധപെട്ട വിദേശ സ്ഥാപങ്ങളെ പറ്റിയും, വ്യക്തികളെപ്പറ്റിയും എൻ ഐ എ യും, കസ്റ്റംസും, അന്വേഷണം നടക്കുന്നതിനിടെയാണ് സംസ്ഥാന പ്രോട്ടോകോൾ ഓഫീസിൽ വിവാദമായ തീപിടുത്തം ഉണ്ടായിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ടും വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച് സഹായം സ്വീകരിച്ചത് സംബന്ധിച്ചും, സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിന്റെ പങ്ക് പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ തീപിടുത്തമുണ്ടാകുന്നത്. എൻഐഎ ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച പ്രോട്ടോകോൾ ഓഫിസിൽനിന്നു 2 പേർ കോൺസുലേറ്റുമായി ബന്ധപ്പെട്ട രേഖകളുമായി കൊച്ചിയിലെ എൻ ഐ എ ഓഫീസിലേക്കെന്നു പറഞ്ഞു പോയിരുന്നു. രണ്ടാം തവണയാണ് ഓഫിസിൽ നിന്ന് എൻഐഎയ്ക്ക് രേഖകൾ ഇങ്ങനെ നൽകുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായും ശിവശങ്കറുമായി സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിനുള്ള അടുത്ത ബന്ധത്തെക്കുറിച്ച് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചുവരികയായിരുന്നു. 2018ല്‍ ഒരു ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ഷൈന്‍ എ. ഹക്കിനെ നിയമം മറികടന്നു ചീഫ് സെക്രട്ടറിക്കു തൊട്ടുതാഴെ ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറായി നിയമിച്ചതു സംബന്ധിച്ച് അന്വേഷണം തുടങ്ങാനിരിക്കെയാണ് സുപ്രധാന ഫയലുകള്‍ കത്തിനശിച്ചിരിക്കുന്നത്.
പ്രോട്ടോകോൾ ഓഫീസിലെ ഉദ്യോഗസ്ഥർ സ്വർണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. ഉദ്യോഗസ്ഥരും പ്രതികളും ഒരുമിച്ചു നിൽക്കുന്ന ചിത്രം സെക്രട്ടേറിയറ്റിലെ വാട്സാപ് ഗ്രൂപ്പുകളിൽ ഒരാഴ്ചയായി പ്രചരിച്ചു വരുന്നു. കഴിഞ്ഞ 3 വർഷങ്ങളായി കോൺസുലേറ്റ് സംഘടിപ്പിക്കുന്ന എല്ലാ പ്രധാന പരിപാടികളിലും ആഘോഷങ്ങളിലും പൊളിറ്റിക്കൽ വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ സ്വപ്ന പ്രത്യേകം ക്ഷണിച്ചുവന്നിരുന്നു. വില കൂടിയ മൊബൈൽ ഫോണുകൾ അടക്കമുള്ള സമ്മാനങ്ങളും
സ്വപ്ന ഇതിനു നൽകിയിരുന്നു. ഇടയ്ക്കിടെ സ്വപ്നയും സരിത്തും പൊളിറ്റിക്കൽ വകുപ്പിൽ സന്ദർശനം നടത്താറുണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നതാണ്.
വിദേശനാണയ വിനിമയ നിയമപ്രകാരം ധനസഹായം സ്വീകരിക്കാവുന്ന അംഗീകൃത സംഘടനകളുടെ പട്ടികയില്‍ യുഎഇയിലെ റെഡ് ക്രെസന്റ് ഉള്‍പ്പെട്ടിട്ടില്ലെന്ന വിവരം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനു പിറകെ ഷൈന്‍ എ ഹക്കിനെ പെട്ടെന്ന് ഇതേ വിഭാഗത്തില്‍ നിയമിച്ചതില്‍ സംശയം നിലനിൽക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ഷൈനെ ഇതിനു മുൻപ്, ബിജെപിയുടെ പരാതിയെ തുടര്‍ന്നാണ് ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ സ്ഥാനത്തു നിന്നു മാറ്റുന്നത്. തുടർന്ന്, എം ശിവശങ്കര്‍, മന്ത്രി കെടി ജലീല്‍ എന്നിവര്‍ മുന്‍കൈയെടുത്ത് ആ തസ്തികക്ക് മുകളില്‍ നിയമനം നല്‍ക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അറിയാതെ കോണ്‍സുലേറ്റിനെ മറയാക്കി കള്ളക്കടത്തു നടത്താന്‍ ഉന്നതര്‍ ഷൈനിനെ വിനിയോഗിച്ചെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം ഉണ്ടായതെന്നതാണ് പ്രാധാന്യമേറുന്നത്. ഷൈനിനു പകരം 2018ല്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറായ സുനില്‍കുമാറിനു മുന്നില്‍ നയതന്ത്ര ബാഗേജിലൂടെ വരുന്ന പാഴ്‌സലുകള്‍ സംബന്ധിച്ച ഒരു വിവരവും എത്തിയിട്ടില്ലെന്ന് അദ്ദേഹത്തെ ചോദ്യം ചെയ്തതിലൂടെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ വ്യക്തമായിരുന്നതാണ്.
പ്രോട്ടോകോൾ ലംഘനങ്ങളുടെയും, നയതന്ത്ര പ്രതിനിധികളുമായുള്ള ഇടപെടലുകളുടെയും, വിദേശ നാണ്യ വിനിമയ നിയമലംങ്കനങ്ങളുടെയും പേരിൽ മന്ത്രി ജലീലിനെതിരെയും, ചില ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധപെട്ടു കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിനു പിറകെ നടന്ന തീപിടുത്തം
സർക്കാർ വെറും കേവലമായാണ് കാണുന്നത്. ഷോർട്ട് സിർക്യൂട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പറയുമ്പോൾ ഇത്ര കേവലമായ സുരക്ഷയാണോ,നിർണ്ണായക രേഖകളും, ഫയലുകളും സൂക്ഷിക്കുന്ന സെക്രട്ടറിയറ്റിൽ ഉള്ളതെന്നതിനു സർക്കാർ മറുപടി പറയേണ്ടിവരും.
ഇടിമിന്നലിൽ സി സി ടി വി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി പറഞ്ഞിരുന്നതുപോലെ, പ്രോട്ടോകോൾ ഓഫീസിൽ തീപിടുത്തത്തിൽ ഫയലുകൾ നഷ്ടപ്പെട്ടാൽ അതിനും, സംസ്ഥാന സർക്കാർ മറുപടി പറയണം. രാജ്യ സുരക്ഷയുമായി ബ്ന്ധപ്പെട്ടു കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തിവരുന്ന കേസിൽ നിർണ്ണായക രേഖകൾ ആവശ്യപ്പെട്ടിരിക്കെ തീപിടുത്തം ഉണ്ടായതിനെ പറ്റി എൻ ഐ എ യും കേസെടുത്ത് അന്വേഷണം നടത്താനുള്ള സാധ്യതയാണ് ഇവിടെ തുറക്കപെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിനെ മെയിൻ ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന നോർത്ത് സാൻവിച്ച് ബ്ലോക്കിൽ, മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും ഓഫിസിനോടു ചേർന്നാണ് പ്രോട്ടോകോൾ വിഭാഗം വർഷങ്ങളായി പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ, കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയിലും ഈ വിഭാഗം തീരുമാനമെടുക്കുന്നു. മന്ത്രിമാർ സ്വന്തം ചെലവിലോ, മറ്റുള്ളവരുടെ ചെലവിലോ വിദേശത്തു സന്ദര്‍ശനം നടത്തുകയാണെങ്കിൽ അക്കാര്യം പ്രോട്ടോകോൾ വിഭാഗം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച് അനുവാദം വാങ്ങുകയാണ് പതിവ്. വിദേശത്തുനിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്ന പൊളിറ്റിക്കൽ 1 വിഭാഗമാണ് കൂട്ടത്തിൽ ഏറ്റവും പ്രധാനമായുള്ളത്. അതിഥികളെത്തുന്നതിനു മുൻപ് കേന്ദ്രവിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളിൽനിന്ന് ഈ വിഭാഗം അനുമതി വാങ്ങേണ്ടതുണ്ട്. ലൈഫ് മിഷന്റെ ഭാഗമായി വിദേശത്തുനിന്ന് ആളുകളെത്തി കരാർ ഒപ്പിടുന്നതിനു മുൻപ് അനുവാദം വാങ്ങിയിരുന്നോ എന്ന കാര്യമാണ് എൻഐഎ മുഖ്യമായും പരിശോധിച്ചുവന്നത്. ഇതു സംബന്ധിച്ച ഫയലുകൾ എൻ ഐ എ ആവശ്യപ്പെട്ടിരുന്നതുമാണ്.
സെക്രട്ടേറിയറ്റിലെ മറ്റു വിഭാഗങ്ങളിലെ ഫയലുകൾ പഴയ അസംബ്ലി ഹാളിനോട് ചേർന്ന റെക്കോർഡ് റൂമിലാണ് സൂക്ഷിക്കുന്നതെങ്കിലും, പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ രഹസ്യസ്വഭാവം കണക്കാക്കി പ്രോട്ടോകോൾ വിഭാഗത്തിൽതന്നെയാണു സൂക്ഷിച്ചു വന്നിരുന്നത്.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സർക്കാരിന്റെ അതിഥികളെത്തുമ്പോൾ അവരെ സംബന്ധിച്ച വിവരങ്ങളും, യാത്രാവിവരങ്ങൾ അടക്കം സൂക്ഷിക്കുന്നതും ഈ വിഭാഗമാണ്. ഇടിവെട്ടി സി സി ടി വി ദൃശ്യങ്ങൾ നഷ്ട്ടപെട്ടതിനു പിറകെയുള്ള തീപിടിത്തം രാഷ്ട്രീയവിവാദമായതിനു കാരണമായിരിക്കെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരമുള്ള സംഭവമായി സെക്രട്ടറിയേറ്റിലെ തീപിടുത്തം മാറിയിരിക്കുകയാണ്.