പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ തട്ടിയെടുത്ത പണം കണ്ടെത്താന്‍ കഴിയാതെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി

എറണാകുളം കളക്ടറേറ്റുമായി ബന്ധപെട്ടു നടന്ന പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ തട്ടിയെടുത്ത പണം കണ്ടെത്താന്‍ കഴിയാതെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പണം തട്ടിയെടുക്കാൻ വ്യാജ രസീതുണ്ടാക്കിയെന്നും കലക്ടറുടെ വ്യാജ ഒപ്പിട്ടെന്നും കുറ്റപത്രത്തിൽ പറയുന്ന രണ്ടാം കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു.
ദുരിതബാധിതര്‍ തിരിച്ചടച്ച തുക കലക്ടറേറ്റിലെ ജീവനക്കാരനായ വിഷ്ണു പ്രസാദ് വ്യാജ രസീതുകള്‍ ഉണ്ടാക്കി തട്ടിയെടുക്കുകയായിരുന്നു. 77 ലക്ഷം രൂപയ്ക്കു മുകളിൽ നഷ്ടപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് 588 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കലക്ടറേറ്റിലെ മറ്റു ചില ജീവനക്കാരും തട്ടിപ്പിന് കൂട്ടുനിന്നതായി ആരോപണം ഉണ്ടായിരുന്നതാണ്. എന്നാൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം എന്തുകൊണ്ടോ ആവഴിക്കൊന്നും നടപടികളിലേക്ക് നീങ്ങിയില്ല. കളക്ടറേറ്റിലെ വിഷ്ണുമായി ബന്ധമുള്ളവർ ഇടതുപക്ഷ യൂണിയൻ നേതാക്കൾ ആയിരുന്നതിനാൽ കേസിൽ നിന്ന് അവരെ ഒഴിവാക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്.
കേസുമായി ബന്ധപെട്ടു കൂടുതൽ കണ്ടെത്തലുകളോ അന്വേഷണമോ ക്രൈം ബ്രാഞ്ചിന്റെ വകയായി ഉണ്ടായില്ല. കളക്ടറേറ്റിലെ വകുപ്പുതല അന്വേഷണം പോലും എങ്ങും എങ്ങും എത്തിയതുമില്ല. അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കു നിര്‍ദേശം നല്കിയതെങ്കിലും ഉന്നത രാഷ്ട്രീയ ബന്ധമുള്ളവർ പെട്ടതോടെ എല്ലാം പാതി വഴിയിൽ നില്ക്കുകയായിരുന്നു. കലക്ടറേറ്റില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ കൃത്യവിലോപവും ക്രമക്കേടുകളും കളക്ടറുടെ അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നതാണ്. സി പി എം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന എം.എം.അന്‍വര്‍, എന്‍.എന്‍. നിധിന്‍, വിഷ്ണു പ്രസാദ് തുടങ്ങി 7 പ്രതികളാണ് പിടിയിലായതെങ്കിലും, കേസിൽ വിഷ്ണുമാത്രമാണ് പ്രതിയെന്നാണ് ഒരു കേസിൽ പോലീസ് പറഞ്ഞിട്ടുള്ളത്. വിഷ്ണുപ്രസാദ് ഒഴികെ എല്ലാ പ്രതികളും ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 28 ലക്ഷം രൂപ വിഷ്ണുവിന്റെയും സിപിഎം നേതാക്കളുടെയും മറ്റു ചിലരുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്ന കേസന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ച ശേഷം പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ലെന്ന് വേണം പറയാൻ. സി പി എം നേതാക്കൾ പ്രതികളായ കേസിൽ ആഴത്തിലുള്ള അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് തയ്യാറാകാത്തതിനാൽ തട്ടിയെടുത്ത പണം എവിടെയെന്നുപോലും കണ്ടെത്താനായിട്ടില്ല.