Kerala NewsLatest NewsLocal NewsNews

ചിത്രമൂലയിലെ സുസ്മിതം ഭവന സമുച്ചയം ഗുണഭോക്താക്കള്‍ക്ക് കൈമാറി

പുത്തുമല ഉരുള്‍പൊട്ടല്‍: ഭവന നിര്‍മ്മാണം മാര്‍ച്ചിനകം പൂര്‍ത്തിയാക്കും- മന്ത്രി ഇ. ചന്ദ്രശേഖരന്‍

പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭവന നിര്‍മ്മാണ പദ്ധതി മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രി തറക്കല്ലിട്ട വിപുലമായ ഈ പുനരധിവാസ പദ്ധതിയുടെ പണികള്‍ വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. കോവിഡിനിടയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാത്ത വിധം പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളും മറ്റ് വികസന പദ്ധതികളും പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു. 2018 ലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കണിയാമ്പറ്റ പഞ്ചായത്തിലെ ചിത്രമൂലയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സുസ്മിതം ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി.

പുഴയോരങ്ങളിലും ഇടുങ്ങിയ പ്രദേശങ്ങളിലും കൂരവെച്ച് താമസിക്കുന്നവരുടെ ദുരവസ്ഥ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വയനാട് ജില്ലയില്‍ ഇത്തരക്കാരെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി ലഭ്യമാകാത്ത അവസ്ഥയുണ്ട്. വനഭൂമി, ആദിവാസി ഭൂമി, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ തുടങ്ങി ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് അനുയോജ്യമല്ലാത്ത ഭൂമിയാണ് ജില്ലയില്‍ അധികവും. ഈ സാഹചര്യത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ക്കിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയാത്ത കുടംുബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ചിത്രമൂലയില്‍ 14 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ വില്‍സണ്‍ മണ്ണാപറമ്പിലിനെ മന്ത്രി അഭിനന്ദിച്ചു.

വൈത്തിരി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ പുറമ്പോക്കില്‍ താമസിക്കുന്ന 10 കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്. ഫ്‌ളാറ്റുകളുടെ താക്കോല്‍ദാനവും രേഖകളുടെ കൈമാറ്റവും ചടങ്ങില്‍ നിര്‍വ്വഹിച്ചു. സ്വന്തമായി ഭൂമിയില്ലാതെ പുഴ പുറമ്പോക്കില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ് താമസിച്ചിരുന്ന, ഓരോ വര്‍ഷക്കാലത്തും ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരുന്ന കുടുംബങ്ങളാണിത്.

വയനാട് ജില്ലയിലെ പ്രളയ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യമായി നിര്‍മ്മിച്ച ഫളാറ്റ് സമുച്ചയമാണിത്. 10 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന സുസ്മിതം ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന പൂര്‍ത്തീകരിച്ചത്. കേരള സര്‍ക്കാറിന്റെ റീ ബില്‍ഡ് 2018 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടൊന്നിന് 4 ലക്ഷം രൂപയും യൂണിയന്‍ ബാങ്ക് (മുന്‍ കോര്‍പ്പറേഷന്‍ ബാങ്ക്) നല്‍കിയ 90,000 രൂപയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെയും സാമ്പത്തിക സഹായവും ഉള്‍ക്കൊള്ളിച്ചു 5150 ചതുരശ്ര അടി വിസതൃതിലാണ് നിര്‍മ്മാണം. രണ്ട് കിടപ്പ് മുറികള്‍, വിശാലമായ ഹാള്‍, കിച്ചണ്‍, ടോയ്ലറ്റ്, വരാന്ത തുടങ്ങിയ സൗകര്യങ്ങളാണ് ഓരോ വീടിനും ഒരുക്കിയിരിക്കുന്നത്. സൈറ്റ് കണ്ടീഷന്‍ അനുസരിച്ച് തട്ടുകളിലായി സംരക്ഷണ ഭിത്തിയോടു കൂടി 2 നിലയില്‍ നിര്‍മ്മിച്ച ഫ്ളാറ്റ് ഭംഗിയിലും ഗുണനിലവാരത്തിലും സ്വകാര്യ ഫളാറ്റുകളോട് കിടപിടിക്കുന്ന രീതിയിലാണ്. വൈദ്യുതീകരണം, കുടി വെള്ളം, മുറ്റം ഇന്റര്‍ലോക്ക്, ഹാന്‍ഡ് റെയില്‍സോടു കൂടിയ സംരക്ഷണ ഭിത്തി തുടങ്ങിയ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പൊതുപരിപാടിയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള, സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, അസി. കലക്ടര്‍ ഡോ. ബല്‍പ്രീത് സിങ്, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനു ജേക്കബ്, വാര്‍ഡ് മെമ്പര്‍ അഖില സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൗജന്യമായി ഭൂമി വിട്ടുനല്‍കിയ വില്‍സണ്‍ മണ്ണാപറമ്പില്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്‌സി. സെക്രട്ടറി ഒ.കെ. സജിത്, കല്‍പ്പറ്റ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജര്‍ എന്‍.ജെ.ഹാരിസ് എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനം എം.എല്‍.എയും രേഖകളുടെ കൈമാറ്റം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കണിയാമ്പറ്റ വില്ലേജ് ജീവനക്കാരുടെ വകയായുള്ള ഓണക്കോടി വിതരണം ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, അസി. കലക്ടര്‍ എന്നിവരും നിര്‍വ്വഹിച്ചു.

ഭവന സമുച്ചയത്തിലേക്കുള്ള റോഡ് തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സാമ്പത്തിക വര്‍ഷം തന്നെ നവീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനു ജേക്കബ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button