Editor's ChoiceKerala NewsLatest NewsLocal NewsNationalNews

സെക്രട്ടറിയേറ്റിലെ തീപിടുത്തം, അന്വേഷണത്തിന് യൂണിയൻ പടയും,

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള സുപ്രധാന രേഖകള്‍ സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന്റെ മറവില്‍ നശിപ്പിച്ചുവെന്ന ആരോപണം നിലനില്‍ക്കെ, തീപിടുത്തം ഉണ്ടായ ഓഫീസിലെ ഫയലുകൾ നീക്കം ചെയ്യുന്നത് തടഞ്ഞു. അന്വേഷണം അവസാനിക്കുന്നതുവരെ തീപിടുത്തമുണ്ടായ സെക്ഷനിലെ ഒരു ഫയല്‍ നീക്കവും പാടില്ലെന്ന് അന്വേഷണ സമിതിയാണ് നിർദേശം നൽകിയത്. തീപിടുത്തത്തിന്റെ മറവില്‍
സുപ്രധാനമായ ഫയലുകൾ നീക്കം ചെയ്യുന്നതായി പ്രതിപക്ഷ നേതാവും, തുടർന്ന് യു ഡി എഫ് നേതാക്കളും ആരോപണം ഉന്നയിച്ചതിനു പിറകെയാണിത്. തീപിടിത്തത്തിന് പിന്നിൽ നിർണായക ഫയലുകൾ നശിപ്പിക്കാനുള്ള ശ്രമം ഉണ്ടായി എന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരിക്കെ, സജീവ സംഘടനാ പ്രവർത്തകരായ സെക്രട്ടറിയേറ്റ് ജീവനക്കാരെ തന്നെ പരിശോധനയ്ക്ക് നിയോഗിച്ചത് സംശയത്തിന് ഇടയാക്കിയിരിക്കുകയാണ്.
അണ്ടര്‍ സെക്രട്ടറി എ.പി രാജീവന്‍, സെക്ഷൻ ഓഫീസർ ആയ സുദര്‍ശനന്‍, അസിസ്റ്റന്‍റുമാരായ ഹരി പി നായര്‍, പ്രമോദ് എന്നിവരാണ് ഫയൽ പരിശോധിക്കാനായി നിയോഗിക്കപ്പെട്ടവർ. നാല് പേരും സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയനിലെ സജീവ പ്രവർത്തകരാണ്. എ പി രാജീവൻ കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന വ്യക്തിയാണ്. ഹരി പി നായർ ജോലി ചെയ്യുന്ന സെക്ഷനിലെ ഫയലുകളാണ് കൂടുതലും നശിപ്പിക്കപ്പെട്ടത്. അന്വേഷണ സംഘത്തെ സഹായിക്കാനെന്നപേരിൽ ഇവരെ നിയോഗിച്ചുകൊണ്ടു ഉത്തരവുണ്ടായത് നിലവിലുള്ള സംശയങ്ങൾക്ക് ആക്കം കൂട്ടുകയാണ്.അന്വേഷണ സമിതിയെ സഹായിക്കാനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് അട്ടിമറി ശ്രമത്തില്‍ മുന്‍നിരയിലുണ്ടായിരുന്നവരെയാണെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ഇടത് നേതാക്കളെ അന്വേഷണത്തിനിടെ നിയോഗിച്ചത് പ്രതിപക്ഷം ആയുധമാക്കുമെന്ന് ഇതോടെ ഉറപ്പാവുകയാണ്.

പൊതുഭരണ വിഭാഗത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പതിനൊന്ന് ശുപാര്‍ശകള്‍ ഉള്‍പ്പെടെ അന്വേഷണ തലവനും ദുരന്ത നിവാരണ സമിതി കമ്മീഷണറുമായ ഡോ. എ കൗശികന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തീപിടുത്തം ഉണ്ടായ ഓഫീസിലെ ഫയലുകൾ നീക്കം ചെയ്യരുതെന്നു നിർദേശിക്കുന്നത്. അന്വേഷണം കഴിയുന്നത് വരെ ജിഎഡി, അഥവാ പൊതുഭരണവകുപ്പിന്റെ പൊളിറ്റിക്കല്‍ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്ന് ഒരു ഫയലും പുറത്തേക്ക് കൊണ്ടുപോകാനോ, അകത്തേക്ക് കൊണ്ടുവരാനോ പാടില്ലെന്നാണ് ഡോ. കൗശികന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും ഇവിടെ ഓഫീസിനകത്ത് സിസിടിവി സ്ഥാപിക്കണം. നിലവില്‍ ഓഫീസിന് പുറത്ത് മാത്രമാണ് സിസിടിവി ഉള്ളത്. 24 മണിക്കൂറും ഇവിടെ പൊലീസ് ഗാര്‍ഡ് വേണമെന്നും ആവശ്യമുണ്ട്. ഓണക്കാല അവധിയായതിനാല്‍ ഇതില്‍ ഇളവുകള്‍ വന്നേക്കാം. അത് പാടില്ല. കര്‍ശന സുരക്ഷ തന്നെ ഇവിടെ ഉണ്ടാകണം. തീപ്പിടിത്തമുണ്ടായ സമയം വരെയുള്ള എല്ലാ ഫയലുകളും ഇ ഫയലുകളായോ എന്ന് കൃത്യമായി പരിശോധിക്കണം. പുറത്തുള്ള സിസിടിവി ദൃശ്യങ്ങളെല്ലാം കൃത്യമായും സൂക്ഷിച്ചിട്ടില്ലേ എന്ന് ഉറപ്പാക്കണം. ഇ ഫയലല്ല, കടലാസ് ഫയലാണെങ്കില്‍ ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രതിബദ്ധതയുള്ള, വിശ്വാസ്യതയുള്ള ഒരു സംഘം ഉദ്യോഗസ്ഥരുടെ സഹായം തേടണം. ഭാഗികമായി കത്തിയിട്ടുള്ള കടലാസ് ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കണം. ഭാവിയില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സി ചോദിച്ചാല്‍ അത് നല്‍കാനാകണം എന്നിങ്ങനെയാണ് 11 ഇന ശുപാര്‍ശകളിൽ പറഞ്ഞിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button