തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ നേതാക്കൾ അർദ്ധരാത്രിയിൽ വെട്ടേറ്റു മരിച്ചു.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കൾ വെട്ടേറ്റു മരിച്ചു. ഡി വൈ എഫ് ഐ തേവലക്കാട് യൂണിറ്റ് അംഗം വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), ഡിവൈഎഫ്ഐ കലുങ്കിൻമുഖം യൂണിറ്റ് പ്രസിഡന്റ് തേമ്പാൻമൂട് കലുങ്കിൻമുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
വെഞ്ഞാറമൂട് തേമ്പാൻമൂട് ജംക്‌ഷനിൽ വെച്ച് ഞായറാഴ്ച രാത്രി 12 ഓടെയാണ് മൂന്നു പേർക്കും വെട്ടേൽക്കുന്നത്. ബൈക്കിൽ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം പിന് തുടർന്ന് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിൻ ഓടി രക്ഷപ്പെടുകയായിരുന്നു.
മിഥിലാജിന്റെയും, ഹക്കിന്റെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിനു പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് ഡിവൈഎഫ്ഐയും, സിപിഎം ഉം ആരോപിക്കുന്നത്. തേമ്പാൻമൂട്ടിൽ തുടർച്ചയായി സിപിഎം– കോൺഗ്രസ് സംഘർഷം നടക്കാറുണ്ട്. പൊലീസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുകയാണ്.