ദേവീന്ദര്‍ സിംഗിനെ വിദേശകാര്യ മന്ത്രാലയത്തില്‍ ബന്ധമുണ്ടാക്കാന്‍ പാകിസ്താന്‍ ചുമതലപ്പെടുത്തി.

നിരോധിത തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദിന് സഹായം ചെയ്തതിന് അറസ്റ്റിലായ ജമ്മുകശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ദേവീന്ദര്‍ സിംഗിനെ വിദേശകാര്യ മന്ത്രാലയത്തില്‍ ബന്ധമുണ്ടാക്കാന്‍ പാകിസ്താന്‍ ചുമതലപ്പെടുത്തിയിരുന്നതായ ഞെട്ടിക്കുന്ന വിവരം പുറത്ത്. ദേവീന്ദര്‍ സിംഗിനെതിരെ എന്‍.ഐ.എ സമപ്പിച്ച കുറ്റപത്രത്തില്‍ ആണ് ഗുരുതരമായ ഈ വെളിപ്പെടുത്തല്‍ ഉള്ളത്.
ചാരപ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടി വിദേശകാര്യ മന്ത്രാലയത്തില്‍ ബന്ധം സ്ഥാപിക്കാന്‍ ദേവീന്ദര്‍ സിംഗിനെ ഇയാളുടെ പാകിസ്താനി ഹാന്‍ഡ്‌ലര്‍ നിയോഗിച്ചതായാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നതായി ഇന്ത്യാ ടുഡേ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജമ്മു കശ്മീര്‍ പൊലീസിന്റെ തന്ത്രപ്രധാനമായ ഹൈജാക്കിംഗ് യൂണിറ്റില്‍ നിയമിതനായ സിംഗ് പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ ഉണ്ടായിരുന്ന ഹാന്‍ഡ്‌ലര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും ജമ്മുവിലെ പ്രത്യേക കോടതിയില്‍ എൻ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നു.
യു.എ.പി.എയും ഐ.പി.സിയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് 3064 പേജുകളുള്ള കുറ്റപത്രം ദേവീന്ദര്‍ സിംഗിനെതീരെ എൻ ഐ എ സമര്‍പ്പിച്ചിരിക്കുന്നത്. പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ ദേവീന്ദര്‍ സിംഗ് ബന്ധപ്പെട്ടുകൊണ്ടിരുന്ന വ്യക്തിയുടെ പേര് ‘പാക് ഭായ്’ എന്നാണ് ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ചാരപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി വിദേശകാര്യ മന്ത്രാലയത്തില്‍ ബന്ധം സ്ഥാപിക്കാന്‍ പാക് ഹാന്‍ഡ്‌ലര്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഇയാള്‍ക്കതിന് സാധിച്ചില്ലെന്നും എന്‍.ഐ.എ പറയുന്നു.
ജനുവരി 11 നാണ് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അല്‍താഫ്, ലഷ്‌കറെ ത്വയിബ കമാന്‍ഡര്‍ നവീദ് ബാബു എന്നിവര്‍ക്കൊപ്പം ആണ് ഡി.എസ്.പിയായിരുന്ന ദേവീന്ദര്‍ സിംഗിനെ പിടികൂടുന്നത്. കാറില്‍ ദല്‍ഹിയിലേക്ക് പോകുന്നതിനിടയിലായിരുന്നു മൂന്നു പേരെയും അറസ്റ്റ് ചെയ്യുന്നത്. കശ്മീരിലെ ഷോപിയാന്‍ മേഖലയില്‍ നിന്നും നവീദ് ബാബുവിനെയും അല്‍ത്താഫിനെയും പുറത്തെത്തിക്കാന്‍ ഡി.എസ്.പി സഹായിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഡി.ഐ.ജി അതുല്‍ ഗോയലിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പ്രത്യേക ഓപ്പറേഷന്‍ വഴി ദേവീന്ദര്‍ സിംഗിനെയും മറ്റുള്ളവരെയും പിടികൂടുകയായിരുന്നു. കാറില്‍ നിന്നും രണ്ട് എ.കെ 47 തോക്കുകള്‍ പിടികൂടി. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പിസ്റ്റളും മറ്റൊരു എ.കെ 47 തോക്കും കണ്ടെത്തുകയുണ്ടായി.