‘സമൂഹമാധ്യമ പ്രചാരണത്തിൽ നമ്മൾ അദ്ദേഹത്തിന് വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം ചരിത്രം’ ഫേസ് ബുക്കിനെതിരെ വാൾ സ്ട്രീറ്റ് ജേണൽ വീണ്ടും..

ഫെയ്സ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസിനെതിരെ വാൾ സ്ട്രീറ്റ് ജേണൽ വീണ്ടും ഗുരുതര ആരോപണങ്ങൾ നിരത്തുന്നു. ഇത് രണ്ടാം തവണയാണ് വാൾ സ്ട്രീറ്റ് ജേണൽ അങ്കി ദാസിനെതിരെ ആരോപണവുമായി രംഗത്ത് വരുന്നത്.
ബിജെപിയെ ഉയർത്തിക്കാണിക്കാനും പ്രതിപക്ഷത്തെ താഴ്ത്തിക്കെട്ടാനും നിർദേശിച്ച് വർഷങ്ങളായി കമ്പനിക്കുള്ളിൽ അങ്കി ദാസ് ഇടപെടലുകൾ നടത്തി വരുകയാണെന്നും, ജീവനക്കാർക്കായി പ്രത്യേകം പോസ്റ്റ് തയാറാക്കിയിരുന്നുവെന്നുമാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നത്. ഇതിനെതിരെ കമ്പനിയിലെ ജീവനക്കാർ തന്നെ രംഗത്ത് വന്നിരുന്നതായും, തിരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കണമെന്ന ഫേസ് ബുക്കിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് അങ്കി ദാസിന്റെ നീക്കമെന്ന് ജീവനക്കാർ പറയുന്നതായുമാണ് വാൾ സ്ട്രീറ്റ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
‘സമൂഹമാധ്യമ പ്രചാരണത്തിൽ നമ്മൾ അദ്ദേഹത്തിന് വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം ചരിത്രം’ – 2014 ലെ തിരഞ്ഞെടുപ്പിൽ മോദി വിജയം കൊയ്യുന്നതിന് ഒരു ദിവസം മുൻപ് അങ്കി ദാസ് ഫേസ് ബുക്കിൽ തന്നെ പോസ്റ്റ് ചെയ്തതാണ് ഈ വിവരം. 30 വർഷമായി അടിത്തട്ടിൽ നടത്തിയ പ്രവർത്തനത്തിലൂടെ ഇന്ത്യയെ മോചിപ്പിച്ചതായി മോദിയെ പുകഴ്ത്തിക്കൊണ്ട് അങ്കി ദാസ് കുറിച്ചുവെന്നും, ഫെയ്സ്ബുക്ക് ആഗോള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കാറ്റി ഹർബത് മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും അങ്കി ദാസ് ഒപ്പമുണ്ടായിരുന്നതായും വാൾ സ്ട്രീറ്റ് ജേണൽ പറയുന്നു. ബിജെപി പ്രവർത്തകർക്കെതിരെ നടപടിയെടുത്താൽ ബിസിനസിനെ ബാധിക്കുമെന്ന് ഫെയ്സ്ബുക്ക് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണകക്ഷിയായ ബിജെപി പ്രവർത്തകരുടെ വിദ്വേഷ പ്രസംഗങ്ങൾ നീക്കാൻ തയാറായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വാൾ സ്ട്രീറ്റ് ജേണലിന്റെ ആദ്യ വാർത്ത പുറത്ത് വരുന്നത്.
അതേസമയം, സെപ്റ്റംബർ രണ്ടിന് ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ ഹാജരായി റിപ്പോർട്ടിനെക്കുറിച്ച് വിശദീകരണം നൽകാൻ ഫെയ്സബുക്കിനോട് ആവശ്യപ്പെട്ടിരിക്കെയാണ് മറ്റു ചില ആരോപങ്ങൾ കൂടി അങ്കി ദാസിനെതിരെ പുറത്ത് വന്നിരിക്കുന്നത്. അങ്കി ദാസ് പക്ഷപാതം കാണിച്ചിട്ടില്ലെന്നാണ് ഇതിനു ഫെയ്സ്ബുക്ക് നൽകിയ വിശദീകരണം നൽകിയിരുന്നത്. ചില പോസ്റ്റുകൾ മാത്രം ഉയർത്തിക്കാണിക്കപ്പെട്ടു. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമായി ഫെയ്സ്ബുക്ക് നടത്തുന്ന ഉദ്യമത്തെ ഈ രീതിയിൽ കാണരുതെന്നും ഫെയ്സ്ബുക്ക് വക്താവ് ആൻഡി സ്റ്റോൺ പറഞ്ഞിരുന്നു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണം അന്വേഷിക്കാന്‍ ഫേസ്ബുക്ക് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് രണ്ടാമത് കത്തയച്ചത്.
ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള ഫേസ്ബുക്കിന്റെ നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്ലിം വിരുദ്ധത പറയാന്‍ ഫേസ്ബുക്കില്‍ അനുവദിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ആഗസ്റ്റ് 17 ന് സുക്കര്‍ബര്‍ഗിന് നേരത്തെ കത്തയച്ചിരുന്നതാണ്. ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രചരണങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആദ്യ കത്ത്.
ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവികള്‍ സ്വീകരിക്കുന്ന നയങ്ങളില്‍ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നും 2014 തൊട്ട് ഫേസ്ബുക്കില്‍ വന്നിട്ടുള്ള വിദ്വേഷപോസ്റ്റുകളില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പരസ്യമാക്കണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെടുകയായിരുന്നു.
ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഫേസ് ബുക്ക് സ്വീകരിക്കുന്ന നടപടികള്‍ അറിയണമെന്ന് ആവശ്യപ്പെട്ടാണ് വേണുഗോപാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് രണ്ടാമത്തെ കത്ത് എഴുതിയത്. അസം ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗങ്ങളെ ഫേസ്ബുക്ക് സംരക്ഷിച്ചുവെന്ന ടൈം മാഗസിന് തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഫേസ് ബുക്കിനു കത്തയക്കുന്നത്.