കേന്ദ്ര സർക്കാരും ഫേസ് ബുക്കിനെതിരെ.

പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും ഫെയ്സ്ബുക്കിലെ മുതിർന്ന ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നതായി കേന്ദ്ര സർക്കാർ.
ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അതൃപ്തി ഫെയ്സ്ബുക്കിനെ കേന്ദ്രം കത്ത് മുഖേന അറിയിച്ചു. പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും ഫെയ്സ്ബുക്കിലെ മുതിർന്ന ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ കത്ത്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഫേസ്ബുക്ക് സി ഇ ഒ സുക്കർബർഗിന് കത്തയച്ചത്.
ഫെസ്ബുക് ഇന്ത്യ മാനേജ്മെന്റ് 2019 ലോക്സഭ ഇലക്ഷന് മുൻപ് ബിജെപിയെ പിന്തുണക്കുന്നവരുടെ പേജ് ഇല്ലാതാക്കിയാതായും, ചില പേജുകളുടെ റീച്ച് കുറയ്ക്കുകയും ചെയ്തതായും സുക്കർബർഗിന് അയച്ച കത്തിൽ പറയുന്നു. ഇതേക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല എന്നും, ഫേസ്ബുക്ക് സന്തുലിതവും ന്യായ യുക്തവും ആയിരിക്കണമെന്നും കത്തിൽ പറയുന്നു.
ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് ഇന്ത്യ ടീമിലെ ചില മുതിർന്ന ജീവനക്കാരുടെ രാഷ്ട്രീയ നിലപാടുകളാണ് പ്രശ്നം വഷളാക്കുന്നത് എന്നും, ഈ ജീവനക്കാരാണ് പ്രധാനമന്ത്രിയെയും, കേന്ദ്ര മന്ത്രിമാരെയും അപമാനിക്കുന്നതെന്നും രവിശങ്കർ പ്രസാദ് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഫേസ്ബുക്ക് ഇന്ത്യയിൽ ഒരു അധികാര പോരാട്ടം നടക്കുന്നതായും രവിശങ്കർ പ്രസാദ് പറഞ്ഞു.
യു എസ് മാദ്ധ്യമമായ വാൾസ്ട്രീറ്റ് ജേർണലിൽ വന്ന റിപ്പോർട്ട് ഉദ്ധരിച്ച് ഫേസ്ബുക്ക് ബിജെപിയോട് പക്ഷപാതം കാട്ടുന്നതായി ആരോപിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വിദ്വേഷം പരമായ പോസ്റ്റുകൾ ഫേസ്ബുക്ക് നീക്കം ചെയ്യുന്നില്ല എന്നതായിരുന്നു കോൺഗ്രസിന്റെ ആരോപണം.
അതേസമയം, പാർലമെന്ററി സമിതിക്ക് മുന്നിൽ ഫേസ്ബുക്ക് ഇന്ത്യ പ്രതിനിധികൾ ഇന്ന് വിശദീകരണം നൽകുമെന്നാണ് വിവരം. ബി.ജെ.പിക്ക് അനുകൂലമായി ഫെയ്സ്ബുക്ക് ഇന്ത്യ നിലപാടെടുത്തു എന്ന വാള്സ്ട്രീറ്റ് ജേണൽ വിവാദത്തിന്റെ അടിസ്ഥാനത്തിൽ പാർലമെന്ററി സമിതി വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഇന്ന് ചേരുന്ന പാർലമെന്ററിന്റെ ഐ.ടി സ്ഥിര സമിതി യോഗത്തിലാണ് എഫ്.ബിയുടെ വിശദീകരണം കേൾക്കാനിരിക്കുന്നത്. എന്നാൽ ഓസ്‌ട്രേലിയയിലെ പുതിയ ന്യൂസ് കോഡിന്റെ കാര്യത്തിൽ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച ഫേസ് ബുക്ക്, വ്യക്തമാക്കുന്ന നിലപാട് നിർണ്ണായകമായിരിക്കും. ഒപ്പം പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും ഫെയ്സ്ബുക്കിലെ മുതിർന്ന ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നതായി കേന്ദ്ര സർക്കാർ കൂടി ആരോപണം ഉന്നയിച്ചിരിക്കുകയാണ്.
കോൺഗ്രസ് എം.പി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഐ.ടി സ്ഥിരം സമിതിയാണ് ഫേസ്ബുക്കിൽ നിന്ന് വിശദീകരണം തേടിയിരുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ നീക്കുന്നതില്‍ ബിജെപിയോട് ഫേസ്ബുക്ക് ഇന്ത്യ മൃദുസമീപനം സ്വീകരിച്ചെന്നും, മോദിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിന് അനുകൂലമായി ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി മേധാവി അങ്കി ദാസ് ഇടപെടൽ നടത്തിയെന്നുമായിരുന്നു വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. ഫേസ്ബുക്കിന് പുറമെ ഐ.ടി മന്ത്രാലയ പ്രതിനിധികളോടും യോഗത്തിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൗരാവകാശ സുരക്ഷയുമായും, സമൂഹ മാധ്യമങ്ങളുടെ ദുരപയോഗവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളാണ് ഫേസ്ബുക്കിനെതിരെ ഉയർന്നിട്ടുള്ളതെന്ന് ശശി തരൂർ എം.പി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പാർലമെന്ററി സമിതിയിലെ ബി.ജെ.പി അംഗങ്ങൾ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. പാർലമെന്ററി സമിതിയിൽ കോൺഗ്രസ് അജണ്ടകൾ നടപ്പാക്കാനാണ് ശശി തരൂർ ശ്രമിക്കുന്നതെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തിയിട്ടുണ്ട്.