സ്വപ്ന സുരേഷിന്റെ മൊഴി വിവരങ്ങൾ ചോർന്നത് കസ്റ്റംസ് ഉദ്യോഗസ്ഥനിലൂടെ

മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി വിവരങ്ങൾ ചോർന്നത് കസ്റ്റംസ് ഉദ്യോഗസ്ഥനിലൂടെയെന്ന് റിപ്പോർട്ട്.ഉദ്യോഗസ്ഥൻ സ്വന്തം ഫോണിൽ പകർത്തിയ മൊഴി ഭാര്യയുടെ ഫോണിലൂടെ പുറത്തേക്ക് അയയ്ക്കുകയായിരുന്നു എന്നാണ് ഇന്റലിജൻസ് ബ്യൂറോയുടെ കണ്ടെത്തൽ.
മൊഴി ചോർന്നതിനെ തുടർന്ന് അന്വേഷണത്തിൽ നിന്നു മാറി നിൽക്കേണ്ടി വന്ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എൻ എസ് ദേവിന് ഇതിൽ പങ്കില്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ഐബി കസ്റ്റംസ് കമ്മിഷണർക്ക് കൈമാറി. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. എൻ എസ് ദേവിന്റെ പ്രത്യേക ആവശ്യത്തിൽ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ ഐബിയോട് ഇതു സംബന്ധിച്ച അന്വേഷണം ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. മാധ്യമങ്ങൾക്കു ചോർന്നു കിട്ടിയ ഫയൽ വിശദമായ ഡിജിറ്റൽ പരിശോധനകൾക്ക് വിധേയമാക്കിയാണു ചോർത്തിയതു സംബന്ധിച്ച വിവരങ്ങളിലേയ്ക്ക് ഐബി എത്തിയത്. ഏതു മൊബൈലിലാണ് ചിത്രം പകർത്തിയത്. അതിന്റെ ഐഎംഇ നമ്ബർ, ഏതുവിധത്തിലാണ് ഇത് അയച്ചത് തുടങ്ങിയ എല്ലാ വിശദാംശങ്ങളും ഡിജിറ്റൽ പരിശോധനയിലൂടെ മനസ്സിലാകും. തുടർന്നാണ് ഫോൺ ചോർത്തിയതിന്റെ ഉത്തരവാദിയിലേയ്ക്ക് ഐബി എത്തിയത്.
സ്വപ്നയെ ചോദ്യം ചെയ്ത ദിവസം തയാറാക്കിയ റിപ്പോർട്ട് അന്നു തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്റെ ഫോണിലേയ്ക്കു പകർത്തുകയായിരുന്നു. തുടർന്ന് ബ്ലൂടൂത്ത് വഴി ഭാര്യയുടെ ഫോണിലേയ്ക്ക് അയയ്ക്കുകയും അതിൽ നിന്ന് ഇന്റർനെറ്റ് ഉപയോഗിച്ച് പുറത്തേക്ക് അയയ്ക്കുകയുമായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വപ്നയുടെ മൊഴിയെടുക്കുന്നതിന് കസ്റ്റംസ് നിയോഗിച്ചത് മൂന്നംഗ സംഘത്തെയായിരുന്നു. ഇതിൽ രണ്ടു പേർ പുരുഷൻമാരും ഒരു വനിതയുമായിരുന്നു. ഇവരിൽ മൊഴിയെടുക്കലിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് കുറ്റക്കാരനെന്നാണ് കണ്ടെത്തൽ.