CinemaEditor's ChoiceKerala NewsLatest NewsLocal NewsMovieNews

69ന്റെ നിറവിൽ മമ്മൂട്ടി,ആശംസകളുമായി ആരാധകലോകം

69-ാം ജ​ന്മ​ദി​നം ആഘോഷിക്കുന്ന മലയാള സിനിമയുടെ നിത്യയൗവ്വനമായ മെഗാസ്റ്റാർ മമ്മൂട്ടിക്ക് താരങ്ങൾ ഒന്നടങ്കം ആശംസകൾ നേരുകയാണ്.
പ്രായം കൂടുന്തോറും ഗ്ലാമർ കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് പലരും അദ്ദേഹത്തെ വാഴ്ത്താറുള്ളത്. അഞ്ചു പതിറ്റാണ്ടോളമായി അഭിനയരംഗത്ത്‌ സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ‘ലുക്ക്‌’ എല്ലായ്‌പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. പതിറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന അഭിനയജീവിതത്തിൽ മലയാള സിനിമയ്ക്ക് എന്നതിലുപരിയായി ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ പല പ്രകടനങ്ങളും മമ്മൂട്ടിയിൽ നിന്ന് ഉണ്ടായിട്ടുണ്ട്

ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് പിറന്നുവീണത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ.അഭിഭാഷകനായാണ് യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിക്കുകയായിരുന്നു അദ്ദേഹം. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്‌. 1971 ഓഗസ്റ്റ്‌ ആറാം തീയതിയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഈ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹം എത്തിയത്.

എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല.കെ ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. പിന്നീടങ്ങോട്ട് നിരവധി വേഷപ്പകർച്ചകൾ. എന്നാൽ അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് മമ്മൂട്ടി എന്ന നടന്റെ സൗന്ദര്യം.

ഇന്ത്യൻ സിനിമയുടെ അഭിനയ ​ഗന്ധർവന് ഒരായിരം പിറന്നാൾ ആശംസകൾ എന്നാണ് സുരാജ് കുറിച്ചിരിക്കുന്നത്. തന്നേപോലുള്ളവർക്ക് വഴികാട്ടിയാകാൻ ഇനിയും സന്തോഷവും ആരോ​ഗ്യവും സമാധാനവും ജീവിതത്തിൽ നിറയട്ടെ എന്നാണ് അജുവിന്റെ ആശംസ. ​ഗുരുനാഥൻ എന്ന് വിളിച്ചാണ് നടൻ ആസിഫ് അലി മമ്മൂട്ടിക്ക് ജന്മദിനം ആശംസിച്ചത്.

നടൻ ആവാൻ ആഗ്രഹിക്കുന്നവർക്കും നടന്മാർ ആയവർക്കുമെല്ലാം ഒരുപോലെ ഊർജ്ജവും പ്രചോദനവും നൽകാൻ ഈശ്വരൻ ഇനിയും ഒത്തിരി ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ കുറിച്ചു.രമേഷ് പിഷാരടി, നസ്രിയ, നിഖില വിമൽ, ഹണി റോസ് തുടങ്ങി നിരവധിപ്പേർ ഇതിനോടകം ആശംസകൾ നേർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button