ആംബുലൻസിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം,ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കും

ആറന്മുളയിൽ കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കും. കേസന്വേഷിക്കാൻ പ്രത്യക പത്തംഗ സംഘത്തെ നിയോഗിച്ചു.പട്ടികജാതി പട്ടികവർഗ പീഡന നിരോധനം നിയമം അടക്കം ചുമത്തിയ സാഹചര്യത്തിൽ അടൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
കേസിൽ ജിപിഎസ് രേഖകൾ നിർണായക തെളിവാകും. സംഭവം നടന്ന ശനിയാഴ്ച രാത്രി ആറന്മുള നാൽക്കാലിക്കലിൽ 15 മിനിട്ട് സമയം ആംബുലൻസ് നിർത്തിയതിന് തെളിവ് ലഭിച്ചു. ഈ സമയത്താണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.
ഗൂഗിൾ മാപ്പ് ഉപയോഗിച്ച് അന്വഷണം നടത്തിയപ്പോൾ അടൂരിൽ നിന്നും പന്തളം വഴിയാണ് ആംബുലൻസ് ആറന്മുളയ്ക്ക് പോയതെന്ന് വ്യക്തമായി. റിമാന്റിലുള്ള പ്രതിയെ രണ്ട് ദിവസത്തിനകം കസ്റ്റഡിയിൽ കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയിൽ കിട്ടിയാൽ സംഭവം നടന്ന സ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും. സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് പെൺകുട്ടി മുക്തയായിട്ടില്ലാത്തതിനാൽ വിശദമായ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
കുട്ടിക്ക് കൗൺസിലിങ്ങ് നൽകിയ ശേഷം മൊഴിയെടുക്കും.വിദഗ്ധ കൗൺസിലിങ്ങിനായി കുട്ടിയെ കോട്ടയം മെഡിക്കൽ കോളോജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.അതേസമയം, പെൺകുട്ടിയെയും കുടുംബത്തെയും സർക്കാർ സഹായിക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ആവശ്യമെങ്കിൽ പഠനം പൂർത്തിയാക്കാനും സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.