കൊവിഡ് 19 വാക്സിന്റെ പരീക്ഷണത്തിൽ പങ്കാളിയായിരുന്ന ബ്രസീലിയൻ ഡോക്റ്റർ മരണപെട്ടു.

ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയുടെ കൊവിഡ് 19 വാക്സിന്റെ പരീക്ഷണത്തിൽ പങ്കാളിയായിരുന്ന ബ്രസീലിയൻ ഡോക്റ്റർ മരണപെട്ടു. ബ്രസീലിയൻ ദിനപത്രം ഗ്ലോബോ ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ഡോക്റ്റർക്ക് നൽകിയത് പരീക്ഷണ വാക്സിനല്ല, പ്ലസിബോ ആണെന്നും പരീക്ഷണം തുടരുമെന്നും ഓക്സ്ഫഡ് സർവകലാശാലയും ബ്രിട്ടിഷ് ഫാർമ കമ്പനി അസ്ട്ര സെനേകയും അറിയിച്ചു.
വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഒരു വൊളന്‍റിയർക്ക് അജ്ഞാത രോഗം ബാധിച്ചതായി കണ്ടെത്തിയതിനെത്തുടർന്നു സെപ്റ്റംബറിൽ ഒരാഴ്ചയോളം പരീക്ഷണം നിർത്തിവച്ചിരുന്നു. രോഗത്തിനു വാക്സിനുമായി ബന്ധമില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പരീക്ഷണം തുടർന്ന് പുനരാരംഭിച്ചത്. കൊവിഡ് 19 പ്രതിരോധത്തിനു മുന്നിൽ നിന്ന ഡോക്റ്ററാണ് ബ്രസീലിൽ മരണപ്പെട്ടത്. ഇദ്ദേഹവും കൊവിഡ് ബാധിച്ചാണു മരിച്ചതെന്നും ബ്രസീലിയൻ പത്രം പറയുന്നു. തുടർന്ന് ഇക്കാര്യത്തിൽ വിശദമായ സുരക്ഷാ പരിശോധന നടത്തിയെന്നും വാക്സിന്‍റെ സുരക്ഷിതത്വത്തിൽ ആശങ്കയില്ലെന്നും ബ്രസീലിലെ ദേശീയ ആരോഗ്യ സുരക്ഷാ നിയന്ത്രണ സമിതി അൻവിസയുടെ അറിയിപ്പിൽ പറയുന്നു.
മരണമടഞ്ഞ ഡോക്റ്റർക്ക് പ്ലസിബോ ആണ് നൽകിയതെന്നാണ് അധികൃതർ പറഞ്ഞിട്ടുള്ളത്. വാക്സിൻ ഉൾപ്പെടെ മരുന്നുകളുടെ പരീക്ഷണ ഘട്ടത്തിൽ ഉപയോഗിക്കുന്ന മാർഗമാണ് പ്ലസിബോ. പരീക്ഷണത്തിനു തെരഞ്ഞെടുത്ത വൊളന്‍റിയർമാരിൽ കുറേ പേർക്ക് വാക്സിനും മറ്റുള്ളവർക്ക് ആരോഗ്യപരമായി പ്രത്യേകിച്ചു ഗുണമോ ദോഷമോ ഉണ്ടാകാത്ത ഏതെങ്കിലും കുത്തിവയ്പ്പോ (പ്ലസിബോ) നൽകാനാണ് പതിവ്.