വിതുരയിൽ കാട്ടാന ചരിഞ്ഞു, അമ്മ സ്നേഹവുമായി ഒരു കുട്ടിയാന.

തിരുവനന്തപുരം / ‘അമ്മ സ്നേഹമെന്തെന്നു കേരളത്തിലെ മനുഷ്യ മനസാക്ഷിയെ കാട്ടി തരുന്നതായിരുന്നു വിതുരയിൽ ഒരു കുട്ടിയാന.
കല്ലാറിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ ശനിയാഴ്ച രാവിലെയാണ് കണ്ടെത്തുന്നത്. ചെരിഞ്ഞ ആനയോടൊപ്പം ഉണ്ടായിരുന്ന കുട്ടിയാന ചരിഞ്ഞു കിടക്കുന്ന ആനയുടെ കാലുകളിൽ തുമ്പിക്കൈ കൊണ്ട് പിടിച്ചു വലിക്കുന്ന കാഴ്ച മണിക്കൂറുകളോളം സമീപവാസികൾ ശ്വാസമടക്കിയാണ് കണ്ടത്.
അമ്മയെ നഷ്ട്ടപെട്ടതറിയാതെ, വിളിച്ചാൽ എഴുന്നേറ്റു വരുമെന്ന പ്രതീക്ഷയിലാണ് തുമ്പിക്കൈ കൊണ്ട് പിടിച്ചും വലിച്ചതും കുട്ടിയാന ജഡത്തിനൊപ്പം മണിക്കൂറുകൾ തുടർന്നത്. കല്ലാറിനടുത്ത് ഇരുപത്തിയാറാം മൈലില്‍ വനത്തോട് ചേര്‍ന്നുള്ള സ്വകാര്യ തോട്ടത്തിലാണ്
ആനയുടെ ജഡം കാണുന്നത്.
രാവിലെ റബര്‍ തോട്ടത്തില്‍ ജോലിക്കെത്തിയവരാണ് ആനയെ കിടക്കുന്ന നിലയിലും കുട്ടിയാന ചുറ്റും നടക്കുന്നതും ആദ്യം കാണുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും കുട്ടിയാന അവിടെ തന്നെ തുടരുന്നതിനാല്‍ ജഡം ആദ്യം പരിശോധിക്കാനായില്ല. കാട്ടാനയുടെ മരണകാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള നടപടികളിലാണ് വനംവകുപ്പ്. കുട്ടിയാനയെ അവിടെ നിന്നും മാറ്റാനും നടപടികൾ നടന്നു വരുകയാണ്.