”ഇന്ത്യയിലെ ഓർമ്മകൾ അതുല്യം”; വരവുമെന്ന് ഉറപ്പിച്ച് മെസി

ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീന സൂപ്പർതാരം ലയണൽ മെസി. “GOAT Tour of India” പരിപാടിയുടെ ഭാഗമായി അദ്ദേഹം ഡിസംബറിൽ എത്തും. ഡിസംബർ 13-ന് മെസി ഇന്ത്യയിലെത്തും എന്ന് സംഘാടകർ അറിയിച്ചു.
ആരാധകരെ പ്രശംസിച്ചുകൊണ്ടാണ് മെസി തന്റെ ആവേശം പങ്കുവച്ചത്. “14 വർഷം മുമ്പ് ഇന്ത്യയിലെത്തിയപ്പോൾ ലഭിച്ച ഓർമ്മകൾ അതുല്യമായിരുന്നു. ഇന്ത്യയിലെ ആരാധകർ അസാധാരണരാണ്. വീണ്ടും എത്തി ആരാധകരെ നേരിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു” എന്നാണ് മെസിയുടെ പ്രതികരണം.
മെസിയുടെ ഇന്ത്യയിലെ പരിപാടികൾ:
ഡിസംബർ 12 – കൊൽക്കത്ത
ഡിസംബർ 13 – അഹമ്മദാബാദ്
ഡിസംബർ 14 – മുംബൈ
ഡിസംബർ 15 – ഡൽഹി
ഡൽഹിയിൽ, മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
മെസിയുടെ കൂട്ടായി ഇന്റർ മയാമി സഹതാരങ്ങളായ റോഡ്രിഗോ ഡീ പോൾ, ലൂയിസ് സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്‌കെറ്റ്സ് എന്നിവർ ഉണ്ടാകാമെന്ന സൂചനയുണ്ടെങ്കിലും, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് സംഘാടകയായ കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വ്യക്തമാക്കി.
ദത്ത 2024 ഫെബ്രുവരി 28-ന് മെസിയുടെ വസതിയിൽ എത്തി പിതാവ് ജോർജെ മെസിയുമായി നീണ്ട ചർച്ച നടത്തിയിരുന്നുവെന്നും, അന്ന് മെസിയുമായും നേരിട്ട് സംസാരിച്ചിരുന്നുവെന്നും വ്യക്തമാക്കി.
പെലെ, മറഡോണ, റൊണാൾഡീഞ്ഞോ, എമിലിയാനോ മാർട്ടിനെസ് തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങളെ മുൻപ് കൊൽക്കത്തയിൽ കൊണ്ടുവന്നതും സതാദ്രു ദത്ത തന്നെയാണ്. 2011 സെപ്റ്റംബറിലാണ് മെസി അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെതിരെ സൗഹൃദ മത്സരം കളിച്ചപ്പോൾ അർജന്റീന ടീമിന്റെ നായകനായിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരം കൂടിയായിരുന്നു അത്.
Tag: ”Memories in India are unique”; Messi confirms return