കെ ജെ ഷൈൻ നൽകിയ പരാതി ; പോലീസ് പരിശോധനയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തു
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് പൊലീസിന്റെ തീരുമാനം.

കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണ കേസിൽ പ്രതിയായ പ്രാദേശിക കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ വീട്ടിൽ പൊലീസ് പരിശോധന. പറവൂർ സിഐയുടെ നേതൃത്വത്തിലാണ് പരിശോധന. ഗോപാലകൃഷ്ണന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഇയാൾ ഒളിവിൽ തുടരുന്നതിനിടെയാണ് പരിശോധന. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് പൊലീസിന്റെ തീരുമാനം.
സമൂഹമാധ്യമത്തിലൂടെ സൈബർ ആക്രമണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് കെ ജെ ഷൈൻ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ സൈബർ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും ചെയ്തിരുന്നു. ഷൈനിന്റെ പരാതിയിൽ സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകൾപ്പെടെ ചുമത്തി ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും ഉദ്യോഗസ്ഥരും കൊച്ചി സൈബർ ഡോമിലെ ഉദ്യോഗസ്ഥരും പ്രത്യേക സംഘത്തിലുണ്ട്.
സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണമെന്നും കെ ജെ ഷൈൻ വ്യക്തമാക്കിയിരുന്നു. തന്നെയും കെ ഉണ്ണികൃഷ്ണൻ എംഎൽഎയെയും ചേർത്തുവച്ചുള്ള പ്രചാരണത്തിന് പിന്നിൽ കോൺഗ്രസും യുഡിഎഫുമാണെന്ന് കെ ജെ ഷൈൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയാതെ ഇത്തരമൊരു പ്രചാരണം നടക്കില്ലെന്നും കെ ജെ ഷൈൻ ആരോപിച്ചിരുന്നു.