ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപ പിഴ
ന്യൂഡല്‍ഹി: ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപ വരെ പിഴയീടാക്കാന്‍ അംഗീകാരം. മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും ചുമത്തുന്നതാണ് നിയമം. നടപടി സ്വീകരിക്കാന്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐഡിഎഐ) ചുമതലപ്പെടുത്തുന്നതാണ് നിയമം. ഇത്തരം കേസുകളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന യുഐഡിഎഐ (അഡ്ജുഡിക്കേഷന്‍ ഓഫ് പെനാല്‍റ്റീസ്) റൂള്‍സില്‍ പറയുന്നു.
നിയമം പാസാക്കി രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇത് സംബന്ധിച്ച വിജ്ഞാപനമിറങ്ങുന്നത്. കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഓഫീസര്‍ ആയിരിക്കണം അഡ്ജുഡിക്കേഷന്‍ ഓഫീസര്‍. 10 വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തിപരിചയം അനിവാര്യമാണ്. നിയമം, മാനേജ്മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കൊമേഴ്സ് ഇവയില്‍ ഏതെങ്കിലുമൊന്നില്‍ ഭരണപരമോ സാങ്കേതികമോ ആയ അറിവുണ്ടായിരിക്കുകയും കുറഞ്ഞത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയവുമുണ്ടായിരിക്കണം.
അഡ്ജുഡിക്കേഷന്‍ ഓഫീസര്‍ക്ക് മുമ്പാകെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യുഐഡിഎഐ ഒരു പ്രസന്റിംഗ് ഓഫീസറെ നിയമിക്കണം. പിഴ ശിക്ഷ ചുമത്തുന്നതിന് മുന്‍പ് അഡ്ജുഡിക്കേറ്റിംഗ് ഓഫീസര്‍ ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് അയച്ചിരിക്കണം. കേസില്‍ തെളിവ് നല്‍കുന്നതിന് ഏതൊരു വ്യക്തിയേയും വിളിച്ചുവരുത്തി തെളിവെടുക്കാന്‍ ഈ ഓഫീസര്‍ക്ക് അധികാരമുണ്ടായിരിക്കും. പിഴയായി ചുമത്തുന്ന തുക യുഐഡിഎഐ ഫണ്ടിലേക്കാണ് അടയ്ക്കേണ്ടത്.
പിഴ അടച്ചില്ലെങ്കില്‍ ലാന്‍ഡ് റവന്യൂ കുടിശികയായി റിക്കവറി ചെയ്യാനും കഴിയും. അഡ്ജുഡിക്കേഷന്‍ ഓഫീസറുടെ തീരുമാനങ്ങള്‍ക്ക് എതിരെ അപ്പീല്‍ നല്‍കാനുള്ള അപ്പലേറ്റ് അതോറിറ്റി ടെലികോം ഡിസ്പ്യൂട്ട് സെറ്റില്‍മെന്റ് ആന്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ആയിരിക്കും. ഇതോടെ ആധാറുപയോഗിച്ചുള്ള തട്ടിപ്പുകള്‍ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.