കേരളം മറന്നുപോയ ഒരു ഡിഎന്‍എ ടെസ്റ്റ് വീണ്ടും പൊടിതട്ടി പുറത്തേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ ദത്ത് കേസില്‍ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം ലഭിച്ചത് മണിക്കൂറുകള്‍ കൊണ്ട്. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് മഹാരാഷ്ട്രയിലെ ഓഷിവാര പോലീസ് ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കൊടുത്തതിന്റെ ഫലത്തെക്കുറിച്ച് യാതൊരു അറിവുമില്ല.
അനുപമയുടെയും അജിത്തിന്റെയും അവരുടെ കുഞ്ഞിന്റെയും ഡിഎന്‍എ ടെസ്റ്റ് നടത്തി റിസള്‍ട്ട് പുറത്തുവരാന്‍ എടുത്തത് ഒരുദിവസത്തില്‍ താഴെ മാത്രമാണ്. എന്നാല്‍ 2019 ജൂലൈയില്‍ ഡിഎന്‍എ ടെസ്റ്റിന് വേണ്ടി രക്തം നല്‍കിയ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ് വാര പോലീസില്‍ ലൈംഗികപീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടിയുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. മുംബൈ ബൈക്കുള ജെജെ ആശുപത്രിയിലാണ് ബിനോയ് രക്തം നല്‍കിയത്. ഓഷിവാര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ബിനോയിയോടൊപ്പം ഒപ്പമുണ്ടായിരുന്നു.
പരാതിക്കാരിയുടെയും കുട്ടിയുടെയും രക്തസാമ്പിളുകളും തുടര്‍ന്ന് പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. യുവതിയും സംഘവും വ്യാജപരാതി നല്‍കി തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നായിരുന്നു ബിനോയ് കോടിയേരി യുവതിയുടെ പരാതിയെക്കുറിച്ച് പ്രതികരിച്ചത്. എന്തായാലും അനുപമയുടെയും അജിത്തിന്റെയും കുട്ടിയുടെയും ഡിഎന്‍എ ടെസ്റ്റ് റിസള്‍ട്ട് പുറത്തുവന്നതോടെ ബിനോയ് കോടിയേരിയുടെ കേസ് കേരളത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.