”എനിക്ക് അമ്മയില്ല കേട്ടോ, ഒരു പ്ലേറ്റ് ചോദിച്ചപ്പോൾ ഉമ്മി കരണത്തിടിച്ചു”; ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമർദനത്തിനിരയായി
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമർദനത്തിനിരയായി. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ താമസിക്കുന്ന അൻസറും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും ചേർന്നാണ് കുട്ടിയെ മർദിച്ചതെന്ന് ആരോപണം. സംഭവത്തിൽ നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കുട്ടി സ്കൂളിൽ എത്തിയപ്പോൾ ശരീരത്തിൽ ചുവന്ന പാടുകൾ കണ്ട അധ്യാപകർ ചോദ്യം ചെയ്തപ്പോഴാണ് സംഭവം വെളിവായത്. രണ്ടാനമ്മയും പിതാവും ചേർന്ന് പലപ്പോഴും മർദിക്കാറുണ്ടെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
നോട്ട് ബുക്കിൽ കുട്ടി എഴുതിയ കുറിപ്പുകൾ സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്നവയാണ്. ചെറിയ കാരണങ്ങൾക്കും രണ്ടാനമ്മ തനിക്ക് ഉപദ്രവം നടത്താറുണ്ടെന്നും, അനിയനുമായി വഴക്കിട്ടപ്പോൾ അമ്മ വായ്ക്ക് അടിച്ചെന്നും, “വാപ്പിയും ഉമ്മിയും എന്നോട് ക്രൂരമായി പെരുമാറുന്നു. വീട് വെച്ചിട്ട് രണ്ട് മാസം മാത്രമേ ആയുള്ളു, ഇതിനോടകം തന്നെ എന്നെ പേടിപ്പിക്കുകയും വിരട്ടുകയും ചെയ്യുന്നു” എന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Tag: A fourth standard student in Alappuzha was brutally beaten by her stepmother and father