ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റമുളള കൊവിഡ് ഇന്ത്യയിൽ ആറ് പേർക്ക് സ്ഥിരീകരിച്ചു.

ന്യൂഡൽഹി / ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റമുളള കൊവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചു. അതിവേഗം പടരുന്ന ജനിതക മാറ്റമുളള കൊവിഡാണ് ഇന്ത്യയിലും കണ്ടെത്തിയത്. ആറ് പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇവർ ആറ് പേരും ബ്രിട്ടണിൽ നിന്ന് എത്തിയവരാണ്. ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്ത ശേഷം ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് എത്തിയ 18 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാൻ 14 സാമ്പിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചു. നാല് സാമ്പിളുകൾ കൂടി ഇന്ന് പരിശോധനയ്ക്ക് അയക്കുന്നുണ്ട്.
യു.കെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുന്നത് തുടരുകയാണ്. എന്നാൽ രോഗത്തിന്റെ തീവ്രത വർധിപ്പിക്കാൻ യു.കെ വൈറസിന് കഴിവില്ലെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. 70 ശതമാനത്തോളം രോഗ വ്യാപനം വർധിപ്പിക്കാൻ വൈറസിന് കഴിയുമെന്നാണ് നിഗമനം. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരാനും ആരോഗ്യ മേഖല പ്രതിസന്ധിയിലാവുകയും ചെയ്‌തേക്കാം എന്ന ഭയാശങ്ക വർധിക്കുകയാണ്. യു കെ വൈറസിന്റെ വ്യാപനം തടയാനായില്ലെങ്കിൽ കൊവിഡ് മരണനിരക്ക് വർദ്ധിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു പഠനറിപ്പോർട്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.