അവർക്ക് കാമം തോന്നിയാൽ അതിനർഥം നമുക്ക് കാമമാണ് എന്നാണ്; ശാരദക്കുട്ടിയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു

കാലം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും സമൂഹത്തിൽ ഇപ്പോഴും സ്ത്രീകൾക്ക് മോശം അനുഭവങ്ങൾ നേരിടാറുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ശക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും അതൊക്കെ കാറ്റിൽ പറത്തി പല സംഭവങ്ങളും നടക്കുന്നുണ്ട്. പല പെൺകുട്ടികളും സ്ത്രീകളും ചതിക്കുഴിയിൽ പെട്ടു പോകുന്ന വാർത്ത ദിവസവും കേൾക്കാറുണ്ട്. ഇപ്പോഴിതാ എഴുതത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി സ്ത്രീ സുരക്ഷയെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
സ്ത്രീകൾ ഇത്രയും ശ്രദ്ധിക്കുക. നല്ല സുഹൃത്തുക്കൾ എന്ന് കരുതി ആണുങ്ങളെ വീട്ടിൽ ക്ഷണിക്കുകയോ അവരുടെ വീടുകളിലേക്കു ചെന്നു കയറുകയോ ചെയ്യുമ്പോൾ മനസ്സിൽ ഒന്നു കരുതുക. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി അർത്ഥമുണ്ട്. അവർക്ക് കാമം തോന്നിയാൽ അതിനർഥം നമുക്ക് കാമമാണ് എന്നാണ്.- ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം
പരസ്പര സമ്മതത്തോടെ ഇഷ്ടമുള്ള രണ്ടു പേർ തമ്മിൽ പ്രണയവും ലൈംഗികബന്ധവുമൊക്കെ അനുവദനീയമായ ഒരു സമൂഹത്തിൽ, അനുവാദമില്ലാതെ, താൽപര്യമില്ലാത്തവരെ സൗഹൃദത്തിന്റെ മറവിൽ ലൈംഗികമായി ഉപയോഗിക്കുന്നത് എന്തൊരു വൈകൃതമാണ്. പുരോഗമനമെന്നത് ഒരു വാക്കു മാത്രമല്ല, ഇത്രയെല്ലാം പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചാലും ഉള്ളിൽ പ്രാകൃത ജീവികളാണ് പലരും. സ്വന്തം കുടുംബത്തിലെ സ്ത്രീകൾക്ക് മുന്നിൽ മാന്യത ഭാവിക്കുന്ന കേരളീയപുരുഷന്മാരിൽ പലരും എന്തുകൊണ്ടാണ്, തരം കിട്ടുമ്പോൾ പരിചിതവലയത്തിലെ സ്ത്രീകളോടു പോലും ഇത്തരം നിന്ദ്യമായ കയ്യാങ്കളികൾ നടത്തുന്നത്? അന്തസ്സ് കെട്ട ആർത്തികൾ കാണിക്കുന്നത്?
സ്ത്രീകൾ ഇത്രയും ശ്രദ്ധിക്കുക. നല്ല സുഹൃത്തുക്കൾ എന്ന് കരുതി ആണുങ്ങളെ വീട്ടിൽ ക്ഷണിക്കുകയോ അവരുടെ വീടുകളിലേക്കു ചെന്നു കയറുകയോ ചെയ്യുമ്പോൾ മനസ്സിൽ ഒന്നു കരുതുക. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി അർത്ഥമുണ്ട്. അവർക്ക് കാമം തോന്നിയാൽ അതിനർഥം നമുക്ക് കാമമാണ് എന്നാണ്.