ഷഹാന മരണപ്പെട്ട സംഭവം,രണ്ട് റിസോര്‍ട്ട് നടത്തിപ്പുകാര്‍ അറസ്റ്റില്‍

മേപ്പാടി: വയനാട് സ്വകാര്യ റിസോര്‍ട്ടില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഷഹാന എന്ന യുവതി മരണപ്പെട്ടത് വന്‍ വിവാദമായിരുന്നു. വയനാട് എളമ്പിലേരിയിലാണ് സംഭവം നടന്നത് സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിച്ച ഷഹാനയെ കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. റിസോര്‍ട്ട് നടത്തിപ്പുകാരായ നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശി സുനീറും ചീരാല്‍ സ്വദേശി റിയാസുമാണ് അറസ്റ്റിലായത്. ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ ശേഷം മേപ്പാടി സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും അതുമായി ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ത്ത് കേസെടുക്കുമെന്നാണ് പൊലീസ് നല്കുന്ന സൂചന.
ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തില്‍ വയനാട് ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ റിസോര്‍ട്ടില്‍ ഗുരുതര സുക്ഷാ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു.
മേപ്പാടിയിലെ റിസോര്‍ട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂര്‍ ചേലേരി കണ്ണാടിപ്പറമ്പ് സ്വദേശിനി ഷഹാനയായിരുന്നു (26) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കോഴിക്കോട് പേരാമ്പ്ര ദാറുന്നുജൂം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ സൈക്കോളജി അധ്യാപികയായിരുന്നു ഷഹാന. 30 അംഗ സംഘത്തിനൊപ്പം എത്തിയ യുവതി റിസോര്‍ട്ടിനു പുറത്തു കെട്ടിയ ടെന്റിലിരിക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.