HeadlineLatest NewsNewsPolitics

എ.കെ.ആന്‍റണിയുടെ വാര്‍ത്താസമ്മേളനത്തെ ചൊല്ലി പുതിയ വിവാദം

എ.കെ.ആന്‍റണിയുടെ വാര്‍ത്താസമ്മേളനത്തെ ചൊല്ലി കോണ്‍ഗ്രസില്‍  പുതിയ വിവാദം. നേതൃത്വത്തിന്‍റെ പരാജയംകൊണ്ടാണ് ആന്‍റണിക്ക് സ്വയം വിശദീകരിക്കേണ്ടി വന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ആന്‍റണിയുടെ നീക്കം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് മറ്റൊരു കൂട്ടരും ആരോപിക്കുന്നു. ആന്‍റണി കാര്യങ്ങള്‍ കൃത്യമായി പറഞ്ഞെന്ന് കെ.സി.വേണുഗോപാലും അദ്ദേഹത്തിന്‍റെ കാലത്തെ സംഭവമായതിനാലാണ്  വിശദീകരിച്ചതെന്ന് കെ.മുരളീധരനും പറഞ്ഞു. ആന്‍റണി ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകളെല്ലാം പൊതുമധ്യത്തിലുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ ആവശ്യം തള്ളാനാണ് സര്‍ക്കാര്‍ തീരുമാനം.

നിയമസഭയിലെ അടിയന്തിര പ്രമേയ ചര്‍ച്ചയിലടക്കം ആന്‍റണിയുടെ കാലത്തെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെട്ടതാണ് സ്വന്തം കാര്യം വിശദീകരിക്കാന്‍ ആന്‍റണിയെ പ്രേരിപ്പിച്ചതെന്നാണ് അവരുടെ ആരോപണം. നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെയാണ് ഈ വിമര്‍ശനംകൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ നേതാക്കള്‍ പരസ്യമായി ആ വാദം തള്ളുന്നു.

ആന്‍റണി തുറന്ന് പറഞ്ഞാല്‍ അടുത്തതവണയും കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടെന്നതിന്‍റെ തെളിവാണിതെന്നാണ് സി.പി.എം ആരോപിക്കുന്നത്. അനവസരത്തിലെ ഇത്തരം പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് കോണ്‍ഗ്രസിനുള്ളിലും അഭിപ്രായമുണ്ട്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്കൊന്നും മറുപടിയില്ലെന്ന് ആന്‍റണി വ്യക്തമാക്കി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button