Kerala NewsLatest NewsNews

കനത്തമഴയില്‍ തിരുവനന്തപുരത്ത് ദേശീയപാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്നു. 12 മണിക്കൂറായി തോരാത്ത മഴയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ടിബി ജംഗ്്ഷനില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു നദിയിയിലേക്ക് താഴ്ന്നു. ഒരുവശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്. ഗതാഗതം ഭാഗികമായി തടസപ്പെടും. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞൊഴുകുകയാണ്. സമീപത്തെ കടകളില്‍ വെള്ളം കയറി.

കോവളം വാഴമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആളുകള്‍ ഇറങ്ങി ഓടിയതുകൊണ്ടാണ് അപകടം ഒഴിവായത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. വിതുര പൊന്‍മുടി പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. നെയ്യാറ്റിന്‍കര നഗരസഭ സ്റ്റേഡിയത്തിന് സമീപം മരുതത്തൂര്‍ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയില്‍ ആണ്. ഇതിനെ തുടര്‍ന്ന് ജില്ല കലക്ടറുടെയും പോലീസ്, ഫയര്‍ഫോഴ്സ് അധികൃതരുടെയും നിര്‍ദേശാനുസരണം ദേശീയപാതയിലൂടെയുള്ള ബസ് ഗതാഗതം നിരോധിച്ചു.

ഓലത്താന്നി- മണലുവിള- മൂന്നുകല്ലിന്‍മൂട് വഴി ബസ് വഴി തിരിച്ചു വിടാനാണ് നിര്‍ദേശം. സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും (അതിശക്തമായ മഴ) മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 15നും 16നും പരക്കെ മഴ തുടരും.

കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്. കേരളത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും വരും ദിവസങ്ങളില്‍ പുതിയ ന്യൂനമര്‍ദങ്ങള്‍ക്കു സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നു രൂപം കൊള്ളുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി ആന്ധ്ര തീരത്തു കയറുമെന്നാണു വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു തമിഴ്നാട്ടില്‍ കരയിലെത്തിയ തീവ്ര ന്യൂനമര്‍ദം ദുര്‍ബലമായി പടിഞ്ഞാറോട്ടു നീങ്ങി അറബിക്കടലിലെത്തി വീണ്ടും ശക്തി പ്രാപിച്ച് കേരള തീരത്ത് ന്യൂനമര്‍ദമായി മാറാനും ഇടയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button