ജാഗ്രത നിർദ്ദേശമില്ലാതെ കവർപേജിൽ പുകവലി ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി
അരുന്ധതി റോയിയോടും പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്സിനോടുമാണ് വിശദീകരണം തേടിയത്.

കൊച്ചി: സാഹിത്യകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്‍റെ കവർ ചിത്രത്തിനെതിരായ ഹർജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമായി പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ പ്രസിദ്ധീകരിച്ചു എന്നാണ് പരാതി. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിയമ പ്രകാരമുള്ള മുന്നറിയിപ്പ് നല്‍കാതെയാണ് ചിത്രം പ്രസിദ്ധീകരിച്ചത് എന്നതിനാൽ പുസ്തകം വിൽക്കുന്നത് തടയണമെന്ന് അഭിഭാഷകനായ ഹർജിക്കാരൻ രാജസിംഹൻ ആവശ്യപ്പെട്ടു.
അരുന്ധതി റോയിയോടും പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്സിനോടുമാണ് വിശദീകരണം തേടിയത്. കേന്ദ്ര സര്‍ക്കാരും മറുപടി നല്‍കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞ മാസം പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ആദ്യ ഓര്‍മപുസ്തകമായ ‘മദര്‍ മേരി കംസ് ടു മീ’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമാണ് വിവാദമായത്. അമ്മ മേരി റോയിയുടെ മരണത്തെ തുടര്‍ന്ന് അരുന്ധതി റോയി എഴുതിയ ഓര്‍മക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. കോട്ടയത്തെ പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപകയും ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയിക്ക് വഴിയൊരുക്കിയ ആളുമാണ് അരുന്ധതിയുടെ അമ്മ മേരി റോയി.