നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന് രാജി വെച്ചു.

കൊച്ചി / നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന് രാജി വെച്ചു. രാജി തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജിയെങ്കിലും, രാജിക്ക് പിന്നിലുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. 2017ലാണ് കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി എ.സുരേശനെ സര്‍ക്കാര്‍ നിയമിക്കുന്നത്. കേസിൽ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചത്. ഇതേ തുടർന്ന് കേസ് പരിഗണിക്കുന്നത് 26ാം തിയ്യതിയിലേക്ക് മാറ്റിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനോട് 26 ന് ഹാജരാകാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ ആക്രമിച്ചക്കേസില്‍ വിചാരണ നടത്തുന്ന കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം വെള്ളിയാഴ്ചയാണ് ഹൈക്കോടതി തള്ളിയത്. വിചാരണ കോടതി മാറ്റാൻ മതിയായ കാരണങ്ങൾ ഇല്ലെന്നു പറഞ്ഞ ഹൈക്കോടതി, നടിയുടേയും സർക്കാരിന്റേയും ഹർജികൾ തള്ളുകയായിരുന്നു. പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ച് പോയാല്‍ മാത്രമേ നീതി നടപ്പാകുകയുള്ളുവെന്നും ഹൈക്കോടതി അന്ന് പറഞ്ഞിരുന്നു. നിലവിലെ ജഡ്ജിയുടെ ഭാഗത്ത് നിന്ന് കേസ് മാറ്റാനുള്ള കാരണങ്ങള്‍ വ്യക്തമായി ബോധിപ്പിക്കാന്‍ സര്‍ക്കാറിനോ നടിക്കോ കഴിഞ്ഞി ല്ലെന്നും കോടതി പറഞ്ഞിരുന്നതാണ്. ഇതിന് പിന്നാലെ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീല്‍ പോകണമെന്നും ഒരാഴ്ച വിധിയില്‍ സ്റ്റേ വേണമെന്നും സര്‍ക്കാര്‍ പറഞ്ഞെങ്കിലും
ആ ആവശ്യവും കോടതി തള്ളുകയുണ്ടായി. വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാരും നടിയും ഉന്നയിച്ചിരുന്നത്. നടിയുടെ മൊഴി പോലും കോടതി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും സര്‍ക്കാര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. വിചാരണകോടതി പക്ഷാപാതപരമായി പെരുമാറുന്നുവെന്നാണ് നടി കോടതി മാറ്റാൻ ആവശ്യപ്പെട്ടു നല്കിയ ഹരജിയില്‍ പറഞ്ഞിരുന്നത്. 2017 ഫെബ്രുവരി 18 നാണ് നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ ഇതുവരെ 50 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ സാക്ഷികളായവര്‍ കൂറുമാറിയതും ചര്‍ച്ചയായി. 2020 ജനുവരിയില്‍ ആണ് കീഴ്ക്കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നത്. തുടര്‍ വിചാരണ ഇപ്പോള്‍ പൂര്‍ത്തിയായി വരുകയാണ്. ഇതിനിടെ പ്രതിപ്പട്ടികയിലുള്‍പ്പെട്ട നടന് ദിലീപ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി ഗാഗ് ഓര്‍ഡര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.