”നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു സംഘം ഇതിനകം യെമനിലെത്തിയിട്ടുണ്ട്, ശുഭ വാർത്തകൾ ഉടൻ പ്രതീക്ഷിക്കുന്നു”; ചാണ്ടി ഉമ്മൻ

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു സംഘം ഇതിനകം യെമനിലെത്തിയിട്ടുണ്ടെന്നും, ശുഭ വാർത്തകൾ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എം.എൽ.എ ചാണ്ടി ഉമ്മൻ.
നിമിഷപ്രിയയുടെ മോചനത്തിനായി ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് സജീവമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ചാണ്ടി ഉമ്മൻ മുമ്പും വ്യക്തമാക്കിയിരുന്നു. യുഎഇയിലും ഖത്തറിലും നടന്നുവരുന്ന ചർച്ചകൾക്ക് വഴിയൊരുക്കുന്നത് യെമനുമായി ബന്ധമുള്ള പ്രവാസി വ്യവസായികളാണെന്നും അടുത്ത ദിവസങ്ങളിൽ പോസിറ്റീവ് വാർത്തകൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “മോചന ശ്രമങ്ങളിൽ കാന്തപുരത്തെ മറികടക്കാനുള്ള ശ്രമമൊന്നും നടന്നിട്ടില്ല. ഇടതുപക്ഷക്കാർ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ തെറ്റിദ്ധാരണ മാത്രമാണ്. വിഷയം രാഷ്ട്രീയമായി കാണരുത്,” എന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
അതേസമയം, തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസുകാരനെ പൊലീസുകാർ മർദിച്ചതിനെതിരെ ശക്തമായ പ്രതികരണവും ചാണ്ടി ഉമ്മൻ ഉന്നയിച്ചു. “പോലീസിൽ പ്രവർത്തിക്കുന്നത് ക്രിമിനൽ സംഘമാണ്. യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പൊലീസുകാരെ ഉടൻ പിരിച്ചുവിടണം. സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ വേഗത്തിൽ നടപടി വേണം. കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇത്തരം ക്രൂരത നടക്കുമ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും? ഇത്തരം പൊലീസ് ഉദ്യോഗസ്ഥർ ഫോഴ്സിന് തന്നെ അപമാനമാണ്,” അദ്ദേഹം ആരോപിച്ചു.
Tag: “A team has already reached Yemen regarding the release of Nimisha Priya, good news is expected soon“; Chandy Oommen