മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണവും വരുന്നു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. ശിവശങ്കറിനെതിരെ ലഭിച്ച പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറിയിരിക്കുകയാണ്. എറണാകുളം സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്.
ഐടി വകുപ്പിലെ അനധികൃത നിയമനങ്ങൾ, കരാറുകൾ ഉൾപ്പെടെ പരിശോധിക്കണമെന്നാണ് പരാതിയിൽ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. സി.ബി.ഐക്കും, സെൻട്രൽ വിജിലൻസിനും പ്രത്യേകം പ്രത്യേകം പരാതി നൽകിയിട്ടുണ്ട്. സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉൾപ്പെടെ പരാതികൾ സർക്കാർ പരിഗണനയിൽ ഇക്കാര്യത്തിൽ ഉണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതികളിൽ മുഖ്യമായി ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
ഇതിനിടെ, സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നയ്ക്കൊപ്പം ജോയിന്റ് അക്കൗണ്ടിൽ ബാങ്ക് ലോക്കർ എടുത്തത് എം. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്ന ചാർട്ടേഡ് അക്കൗണ്ടന്റ് എൻ. ഐ. എക്ക് നൽകിയ മൊഴി ശിവശങ്കറിന് കുരുക്കായിരിക്കുകയാണ്. എനിക്കൊന്നും അറിയില്ല എന്ന ശിവശങ്കറിന്റെ വാദം കൂടിയാണ് ഇവിടെ പൊളിയുന്നത്. സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണവും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 36.5 ലക്ഷം രൂപയുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നത്.
സ്വർണക്കടത്തിന് സഹായിച്ചതിന് സ്വപ്നയ്ക്ക് ലഭിച്ച പ്രതിഫലമാണിതെന്നാണ് എൻ.ഐ.എയുടെ കരുതുന്നത്. ഈ ലോക്കറുകളുമായി ശിവശങ്കറിനെ ബന്ധപ്പെടുത്തുന്നതാണ് തിരുവനന്തപുരത്തെ പ്രമുഖനായ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വെളിപ്പെടുത്തൽ എന്നതാണ് ശ്രദ്ധേയം. ശിവശങ്കറിന്റെയും സ്വപ്നയുടെയും ആദായനികുതി റിട്ടേണുകളടക്കം കൈകാര്യം ചെയ്തിരുന്ന ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത എൻ. ഐ. എ, ഇയാളുടെ ഓഫീസിൽ റെയ്ഡ് നടത്തി ചില മുഖ്യമായ രേഖകളും പിടിച്ചെടുത്തിരിക്കുകയാണ്.