”മാനസിക രോഗമുണ്ടെന്ന് ആരോപിച്ച്, ഒരു വർഷത്തോളം ആമിർ ഖാൻ പൂട്ടിയിട്ടു”; വെളിപ്പെടുത്തലുമായി സഹോദരൻ ഫെെസൽ ഖാൻ
വർഷങ്ങൾ മുമ്പ് നടൻ ആമിർ ഖാനിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് സഹോദരൻ ഫൈസൽ ഖാൻ തുറന്നു പറഞ്ഞു. തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ച്, ഒരു വർഷത്തോളം വീട്ടിൽ പൂട്ടി വച്ച് ബോഡി ഗാർഡുകളുടെ കാവലിൽ മരുന്നുകൾ കഴിക്കാൻ നിർബന്ധിപ്പിച്ചിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പിങ്ക് വില്ലയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നുപറച്ചിൽ.
“ആ സമയത്ത് അച്ഛൻ വന്ന് എന്നെ രക്ഷിച്ചിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചു. എന്നാൽ അച്ഛൻ പുനർവിവാഹം ചെയ്ത് കുടുംബകാര്യങ്ങളിൽ നിന്ന് വിട്ടുനിന്നു,” ഫൈസൽ പറഞ്ഞു.
ആമിർ ഖാന്റെ ആദ്യചിത്രമായ ഖയാമത് സെ ഖയാമത് തക് എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്ത് ഫൈസൽ ഖാൻ സിനിമാരംഗത്ത് പ്രവേശിച്ചു. 2021-ൽ അദ്ദേഹം സംവിധാനം ചെയ്ത് അഭിനയിച്ച ഫാക്ടറി എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. പുതിയ സംവിധാന പദ്ധതിയെക്കുറിച്ചുള്ള അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
“എനിക്ക് ചിത്തഭ്രമമുണ്ടെന്നും, എന്നെ പുറത്തുവിട്ടാൽ സമൂഹത്തിന് അപകടമാണെന്നും കുടുംബം പറഞ്ഞിരുന്നു. കുടുംബം തന്നെയായതിനാൽ അവരുടെ പിടിയിൽ നിന്ന് മോചനം നേടുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു,” ഫൈസൽ കൂട്ടിച്ചേർത്തു. വിഷയത്തിൽ ആമിർ ഖാന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല.
Tag: Aamir Khan was locked up for a year on charges of mental illness’; Brother Faisal Khan reveals