CrimeKerala NewsLatest NewsLocal NewsNewsPolitics

സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍.ഡി.എഫിന്റെയോ സര്‍ക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല.കോടിയേരി.

സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും അതിനനുസൃതമായ നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍.ഡി.എഫിന്റെയോ സര്‍ക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ പാര്‍ട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ അന്വേഷണം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നെന്നും കോടിയേരി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഭക്ഷണ സാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണം എത്തിയത്. സ്വര്‍ണക്കടത്തില്‍ ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്നക്കും പങ്കുണ്ടെന്ന പ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഇവര്‍ക്കായുള്ള തിരച്ചിൽ നടത്തി വരുകയാണ്. സ്വപ്‌നയ്ക്ക് ഐ.ടി സെക്രട്ടറിയുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിറകെ ഐ.ടി സെക്രട്ടറി ശിവശങ്കരനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button