Kerala NewsLatest News

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും; ഇക്കുറി ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം വെള്ളിയാഴ്ച തുടങ്ങും. കര്‍ശ്ശന കോവിഡ് നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ട്. ഫെബ്രുവരി 27നാണ് പൊങ്കാലയെങ്കിലും ക്ഷേത്രത്തിലെ പണ്ടാരഅടുപ്പില്‍ മാത്രമായിരിക്കും ചടങ്ങ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രപരിസരത്തോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവാദമുണ്ടാകില്ല. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വീടുകളില്‍ പൊങ്കാലയിടാം.

പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാല. മകരം- കുംഭമാസത്തിലാണ് ആറ്റുകാല്‍ പൊങ്കാല ആചരിക്കുന്നത്. കുഭമാസത്തിലെ കാര്‍ത്തിക നാളില്‍ കാപ്പുകെട്ടി ദേവിയെ കുടിയിരുത്തും. ഒമ്ബതാം ദിവസം പൂരം നാളിലാണ് ഏറ്റവും വിശേഷപ്പെട്ട ചടങ്ങായ പൊങ്കാലസമര്‍പ്പണം. പൊങ്കാല നടക്കുന്ന ദിവസം സ്ത്രീകള്‍ക്കു മാത്രമാണ് പ്രവേശനം. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു നടത്തുന്നതാണ് കണ്ണകി ചരിത്രം തോറ്റംപാട്ട്.

ദേവിയെ കുടിയിരുത്തുന്ന ആദ്യദിനം മുതല്‍ കണ്ണകിയുടെ കഥ പാട്ടുരൂപത്തില്‍ പാടുന്നു. മധുരാനഗരിയെ, കണ്ണകിയുടെ നേത്രത്തില്‍ നിന്നുള്ള കോപാഗ്നി വിഴുങ്ങുന്നതും, പാണ്ഡ്യരാജാവിന്റെ നാശവും പാടി നിര്‍ത്തുന്നതോടെ പൊങ്കാല തുടങ്ങും. കണ്ണകി ചരിത്രം തോറ്റം പാട്ടു പാടുന്നത് ക്ഷേത്ര ചടങ്ങുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പൊങ്കാലക്കു ശേഷം അടുത്ത ദിവസം ഗുരുതിതര്‍പ്പണത്തോടു കൂടിയാണ് ആറ്റുകാലിലെ ഉത്സവം സമാപിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button