അഭയ കൊലക്കേസ്: ഫാ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവ്.

തിരുവനന്തപുരം / വിവാദമായ അഭയ കൊലക്കേസിൽ 28 വർഷത്തിന് ശേഷം പ്രതികൾക്ക് ശിക്ഷ. സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവ്. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവുമാന് ശിക്ഷ. പ്രതികള്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. തടവ് ശിക്ഷയ്‌ക്കൊപ്പം രണ്ട് പ്രതികളും അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കണം. കോണ്‍വെന്‍റില്‍ അതിക്രമിച്ച് കയറിയ കുറ്റത്തിന് ഫാദര്‍ തോമസ് കോട്ടൂര്‍ ഒരു ലക്ഷം രൂപ അധികം പിഴ അടയ്ക്കണം. ഐ.പി.സി. 302, 201 വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതികളെ ശിക്ഷിച്ചത്. തെളിവ് നശിപ്പിച്ചതിന് ഫാദര്‍ തോമസ് കോട്ടൂരിന് ഏഴ് വര്‍ഷം തടവുശിക്ഷയും വിധിച്ചു. തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതിയാണ് ശിക്ഷ വിധി പ്രസ്താവിച്ചത്. 28 വർഷം നീണ്ട അന്വേഷണ പാരമ്പരകൾക്കൊടുവിൽ സി ബി ഐ തളച്ച പ്രതികൾ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്തിനു ശേഷമായിരുന്നു ശിക്ഷാവിധി ഉണ്ടാവുന്നത്. കോടതി ശിക്ഷ വിധിക്കുന്നത് കേൾക്കാൻ പ്രതികളെ കോടതി മുറിയിൽ എത്തിച്ചിരുന്നു. കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവാദ്ധ്യായം ആയി മാറിയ വിധി പ്രസ്താവന കേൾക്കാൻ എത്തിയ നിയമവിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ളവരെ കൊണ്ട് കോടതിമുറി നിറഞ്ഞിരുന്നു. രണ്ടു കണ്ണുകളും അടച്ചു നിന്നാണ് സിസ്റ്റർ സെഫി ശിക്ഷാവിധി കേട്ടത്. സഭയുടെ തിരുവസ്ത്രമണിഞ്ഞ ഒരച്ഛനും, കന്യാസ്ത്രീയും കോട്ടയം പയസ് ടെൻത് കോൺവെന്റിൽ കൈക്കോടാലി കൊണ്ട് തലയ്ക്കടിച്ച്, കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ അഭയ എന്ന 19 കാരിയുടെ കൊലക്കുള്ള ശിക്ഷ ഇന്ന് ചരിത്ര താളുകളിൽ എഴുതപ്പെടുകയാണ്.
അപൂർവങ്ങളിൽ അപൂർവമായ കേസെന്നു പരിഗണിച്ചു പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഫാ. തോമസ് കോട്ടൂർ അർബുദരോഗിയാണെന്നും അതിനാൽ ശിക്ഷയിൽ ഇളവുനൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ഒടുവിലത്തെ ആവശ്യം. പ്രായമായ മാതാപിതാക്കളുണ്ടെന്നും അവർക്ക് സംരക്ഷണം നൽകുന്നത് താനാണെന്നും അതിനാൽ ശിക്ഷയിൽ ഇളവുനൽകണമെന്നും സെഫിയും ആവശ്യപ്പെടുകയുണ്ടായി. അഭയയുടെ ദുരൂഹമരണത്തിന്റെ പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവരാനുള്ള പോരാട്ടത്തിനിടെയാണ് പിതാവ് ഐക്കരക്കുന്നേൽ തോമസിനും മാതാവ് ലീലാമ്മയും മരണപ്പെടുന്നത് എന്ന യാഥാർഥ്യം കൂടി ഇവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്. രണ്ടു പ്രതികൾക്കുമെതിരെ കൊലക്കുറ്റം, തെളിവു നശിപ്പിക്കൽ എന്നിവ തെളിഞ്ഞതായി സി.ബി.ഐ ജഡ്ജി കെ.സനിൽകുമാർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. തോമസ് കോട്ടൂരിനെതിരെ കന്യാസ്ത്രീ മഠത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റം ബാക്കിയാവുകയാണ്. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതി ഫാ തോമസ് പൂതൃക്കയിലിനെ നേരത്തേ വിട്ടയച്ച സംഭവത്തിൽ സി ബി ഐ അപ്പീൽ നൽകുന്നുണ്ട്.
കോട്ടയം ബി സി എം കോളേജിൽ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനിയായിരിക്കെ 1992 മാർച്ച് 27 നാണ് പയസ് ടെൻത്ത് കോൺവെന്റിലെ കിണറ്റിൽ സിസ‍്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി ബി ഐയാണ്. കോട്ടയം ബി സി എം കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയ1992 മാർച്ച് 27 ന് പുലർച്ചെ പഠിക്കാനായി എഴുന്നേറ്റ് വെളളം കുടിക്കാനായി ഹോസ്റ്റലിലെ അടുക്കളയിലേക്ക് പോയപ്പോഴാണ് സഭാ ആചാരങ്ങളെയും, ചട്ടങ്ങളെയും തകിടം മറിക്കുന്ന ആ കാഴ്ച കാണുന്നത്. ഫാ കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടേയും ലൈംഗിക വേഴ്‌ചയാണ് സിസ്റ്റർ അഭയ നേരിൽ കാണുന്നത്. അഭയ തങ്ങളുടെ രഹസ്യ ബന്ധം കാണാനിടയായത് വരും നാളുകളിൽ കുപ്പമാവുമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. അഭയ ജീവിച്ചിരുന്നാൽ അത് തങ്ങളുടെ ജീവിതത്തിനും അന്തസ്സിനും കോട്ടമുണ്ടാക്കുമെന്നു അവർ സ്വയം വിധിയെഴുതി. തുടർന്ന് കോടാലി കൊണ്ട് തലയ്‌ക്കടിച്ച് അഭയയെ അവർ കൊലപ്പെടുത്തി. മൂന്നുതവണ തലയ്‌ക്ക് അടിയേറ്റ അഭയ ബോധരഹിതയായി നിലത്തുവീണു. കൊല്ലപ്പെട്ടെന്ന് കരുതി പ്രതികൾ പിന്നീട് അഭയയെ കോൺവെന്റ് വളപ്പിലെ കിണറ്റിൽ തള്ളി. രാവിലെ മുതൽ അഭയയെ കാണാതായതോടെ ഹോസ്റ്റൽ അന്തേവാസികൾ തിരച്ചിൽ തുടങ്ങി. ഇതിനിടെ ഒരു ചെരിപ്പ് ഹോസ്റ്റൽ അടുക്കളയിലെ റഫ്രിജറേറ്ററിന് സമീപത്തുനിന്ന് കണ്ടെത്തി. രാവിലെ പത്ത് മണിയോടെയാണ് കോൺവെന്റിലെ കിണറ്റിൽ അഭയയുടെ മൃതദേഹം പിന്നീട് കണ്ടെത്തി. ലൈംഗികതയും കൊലപാതകവുമാണ് അഭയ കേസിന്റെ ആകെത്തുകയെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ വിചാരണവേളയിൽ കോടതിയിൽ നൽകിയ മൊഴിയും അങ്ങനെ തന്നെയായിരുന്നു. പ്രതികൾ തമ്മിലുളള രഹസ്യബന്ധം അഭയ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായതെന്നും സി ബി ഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
ഫാ തോമസ് എം കോട്ടൂർ, ഫാ ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെയാണ് അഭയക്കേസിൽ സി ബി ഐ പ്രതികളാണെന്ന് ആദ്യം കണ്ടെത്തുകയായിരുന്നു. നൈറ്റ് വാച്ച്മാനായിരുന്ന ചെല്ലമ്മ ദാസിന്റെ മൊഴിയിൽ തീയതി രേഖപ്പെടുത്താതിരുന്നത് ഫാ ജോസ് പൂതൃക്കയിലിനെ പിന്നീട് വിചാരണ കൂടാതെ കോടതി വെറുതെ വിടാൻ ഇടയാക്കുകയായിരുന്നു. എന്നാൽ ഒന്നാം പ്രതി ഫാ തോമസ് എം കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കേസിൽ വിചാരണ നേരിടുന്ന സാഹചര്യം അതോടെ ഉണ്ടായി.2008 ൽ ആണ് അഭയ കേസിൽ മൂന്ന് പ്രതികളെയും സി ബി ഐ അറസ്റ്റ് ചെയ്യുന്നത്. പ്രതികളെ നാർകോ അനാലിസിസ്, ബ്രെയിൻ മാപ്പിംഗ് തുടങ്ങിയ അതിനൂതന പരിശോധനകൾക്ക് പ്രതികളെ വിധേയമാക്കിയിരുന്നു. ഒന്നാം പ്രതിയായ ഫാ തോമസ് എം കോട്ടൂർ നേരത്തെ കോട്ടയം ബി സി എം കോളേജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അമേരിക്കയിലേക്ക് പോയി മടങ്ങി എത്തിയ ശേഷം കോട്ടയം അതിരൂപത ചാൻസലറായിരിക്കെയാണ് തോമസ് കോട്ടൂരിനെ സി ബി ഐ അറസ്റ്റ് ചെയ്യുന്നത്. അഭയയുടെ ഇൻക്വസ്റ്റിൽ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. സി ബി ഐ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിൻ ആത്മഹത്യ ചെയ്‌തിരുന്നു. തുടരന്വേഷണത്തിൽ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുൻ ഡി വൈ എസ് പി സാമുവലിനേയും സി ബി ഐ പ്രതിയാക്കി. മുൻ ക്രൈം ബ്രാഞ്ച് എസ് പി കെ ടി മൈക്കിളിനെ സി ബി ഐ കോടതിയും പ്രതിചേർത്തു. സാമുവൽ മരിച്ചതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ വരെ പോയി നിരാശരായി മടങ്ങി. വിചാരണ തുടരാൻ സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം സി ബി ഐ കോടതിയിൽ വിചാരണ പൂർത്തിയാവുന്നത്.