അഭയ കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധ പരോള്‍; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
അഭയ കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധമായി പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു. പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ്, ജയില്‍ ഡിജിപി, പ്രതികള്‍, സിബിഐ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് കോടതി നോട്ടീസ് നല്‍കിയിരിക്കുകയാണ്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്തുവര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ നല്‍കാം എന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പരോള്‍ അനുവദിക്കണമെങ്കില്‍ ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയും വേണം. അതേസമയം അഭയകേസില്‍ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. ഇവര്‍ക്ക് ഏത് മാനദഢത്തിനനുസരിച്ചാണ് പരോള്‍ അനുവദിച്ചതെന്നാണ് ഹര്‍ജിയില്‍ ചോദിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായും ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതെന്നാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ ഹര്‍ജിയില്‍ പറയുന്നത്. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിയ കോടതി നോട്ടീസ് അയച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയുടെ ജഡം 1992 മാര്‍ച്ച് 27-നു കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്ത് കോണ്‍വെന്റ് കിണറില്‍ കണ്ടെത്തുകയായിരുന്നു. കാലങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ 2020 ഡിസംബര്‍ 23ന് ചരിത്രപ്രധാനമായ വിധി വരികയായിരുന്നു.