”കേരളത്തിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കാനാണ് താൽപര്യം” അബിൻ വർക്കി
സംസ്ഥാനത്ത് നിർണായകമായ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ കേരളത്തിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കാനാണ് താൽപര്യമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട അബിൻ വർക്കി. സ്ഥാനങ്ങൾ അല്ല പ്രധാനം. യൂത്ത് കോൺഗ്രസിൽ ദേശീയതലത്തിൽ നൽകിയ പദവിയിൽ നിന്ന് ഒഴിവാക്കി കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് നേതാക്കളോട് അഭ്യർഥിച്ചു. യൂത്ത് കോൺഗ്രസ് നേതൃത്വത്തിലെ പുനഃസംഘടന സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി എടുത്ത തീരുമാനം തെറ്റായി പോയി എന്നു പറയില്ല. പല ഘടകങ്ങൾ വിലയിരുത്തിയാകും ആ തീരുമാനം എടുത്തത്. എന്നാൽ എന്റെ ഒരു താൽപര്യം പാർട്ടി നേതൃത്വത്തെ വിനയപൂർവം അറിയിക്കും. എനിക്ക് കേരളത്തിൽ തുടരാനാണ് ആഗ്രഹം. പിണറായി സർക്കാരിനെതിരായ സമരങ്ങളും ക്യാംപെയ്നുകളിലും പങ്കെടുക്കണം. പഞ്ചായത്ത് നിയമസഭ തിരഞ്ഞെടുപ്പ് വരികയാണ്. അതിൽ ഒരു പാർട്ടി പ്രവർത്തകനായി, പാർട്ടിയുടെ ഒരു പോരാളിയായി ഇവിടെ നിൽക്കാനാണ് ആഗ്രഹിക്കുന്നത്. പാർട്ടി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കും. പക്ഷേ പാർട്ടിയോട് എന്നെ കേരളത്തിൽ തുടരാൻ അനുവദിക്കണം എന്ന് അഭ്യർഥിക്കും. പാർട്ടിയെ തിരുത്തിക്കാനുള്ള ആളോ അതിനുള്ള ആവതുള്ള ആളോ അല്ല. പക്ഷേ ഞാൻ അഭ്യർഥിക്കും. യൂത്ത് കോൺഗ്രസിന്റെ ഏതൊരു പ്രവർത്തകനും ഏതൊരു പദവിക്കും അർഹരാണ്. – അബിൻ പറഞ്ഞു.
അഭിപ്രായം പറയാൻ അവസരമുള്ള പാർട്ടിയാണ് കോൺഗ്രസ്. അഭിപ്രായഭിന്നതകളുണ്ടെങ്കിൽ അത് പാർട്ടി ഫോറത്തിൽ പറയും. ആത്യന്തികമായി എനിക്ക് പാർട്ടി മാത്രമേയുള്ളു. എന്നെ വെട്ടിക്കണ്ടിച്ച് രണ്ടു കഷ്ണമാക്കിയാലും ചോരയാകില്ല ത്രിവർണമാകും വരിക. പാർട്ടിയിൽ പ്രവർത്തിക്കുകയല്ല, ജീവിക്കുകയായിരുന്നു. എനിക്ക് പാർട്ടിയിൽ മാത്രമേ ജീവിക്കാനാകൂ. വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് പാർട്ടി ഒരു തീരുമാനമെടുക്കുന്നത്. ആ ഘടകങ്ങൾ നേതൃത്വം നിങ്ങളോട് വിശദീകരിക്കും. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനോട് കേരളത്തിൽ തുടരാൻ എന്നെ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. ഇതൊരു വെല്ലുവിളിയല്ല. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നയാളാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ വരെയായെന്നും അബിൻ പറഞ്ഞു.
പദവികൾ നിശ്ചയിക്കുന്നതിൽ സാമുദായിക ഘടകങ്ങൾ പരിഗണിക്കപ്പെട്ടോയെന്ന ചോദ്യത്തിന് അക്കാര്യങ്ങൾ നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്നായിരുന്നു മറുപടി. ‘ഞങ്ങളിലുള്ള മാനവരക്തം’ എന്ന കേരള വിദ്യാർഥി യൂണിയന്റെ മുദ്രാവാക്യം വിളിച്ചാണ് ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനത്തിലെ പ്രവർത്തകരാണ്. ഞാൻ ഒരു പ്രത്യേക സമുദായക്കാരൻ ആയതുകൊണ്ടാണോ അങ്ങനെ ഒരു ഘടകം എന്ന് ചോദിച്ചാൽ അതു വിശദീകരിക്കേണ്ടത് നേതൃത്വമാണ്.
വിവിധ സമരങ്ങളിലായി നിരവധി കേസുകൾ ഇവിടെയുണ്ട്. ആ കേസുകളൊക്കെ കേരളത്തിൽ തന്നെയാണ്. നിരവധി സമരങ്ങൾ ഇവിടെ തുടങ്ങി വച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെയും ഇടതുപക്ഷത്തിനെതിരെയും നടത്തുന്ന ഈ പോരാട്ടം തുടരും. പോസ്റ്റ് കിട്ടുന്നതും കിട്ടാത്തതും ഒന്നുമല്ല ഇവിടെ പ്രശ്നം. ഒരു സ്ഥാനമില്ലെങ്കിലും നാളെ ഒരു സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തനായി സമരമുഖത്തുണ്ടാകുമെന്നും അബിൻ പറഞ്ഞു.
Tag: Abin Varkey says he wants to work with focus in Kerala