ഗര്‍ഭഛിദ്രത്തിന്റെ വീഡിയോ പുറത്ത്; ഞെട്ടി ആരോഗ്യവകുപ്പ്: അന്വേഷണം ആരംഭിച്ചു
വഡോദര: നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തിയതില്‍ ഗുജറാത്തിലെ മഹിസാഗര്‍ ജില്ലാ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി തന്റെ സ്വകാര്യ വസതിയില്‍ വെച്ച് മൂന്നു സ്ത്രീകളുടെ സഹായത്തോടെ നടത്തിയ ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി. സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. വീഡിയോയെക്കുറിച്ച് അന്വേഷിക്കുന്നതിനായി വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭഛിദ്രം നടത്താനുപയോഗിച്ച ടാബ്ലെറ്റിന്റെ രണ്ട് സ്ട്രിപ്പുകള്‍ കണ്ടെത്തിയതായി സിഡിഎച്ച്ഒ ഡോ. സ്വപ്നില്‍ ഷായും മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജെ.കെ.പട്ടേലും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ചീഫ് ഡിസ്ട്രിക്റ്റ് ഹെല്‍ത്ത് ഓഫിസറും (സിഡിഎച്ച്ഒ) ലുന്‍വാഡ ജനറല്‍ ആശുപത്രിയിലെ ഇന്‍ചാര്‍ജ് സൂപ്രണ്ടും നല്‍കിയ പരാതിയെ തുടര്‍ന്ന് സാന്ദ്രാംപുര്‍ പൊലീസ് സ്റ്റേഷന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പരാതിയില്‍ പറയുന്നതിങ്ങനെ: ‘കുറ്റകൃത്യം നടത്തിയ സ്ഥലത്ത് 200 മില്ലിഗ്രാം ടാബ്ലെറ്റിന്റെ രണ്ട് സ്ട്രിപ്പുകള്‍ കണ്ടെത്തി. ഒരു സ്ട്രിപ്പില്‍ നാല് ഗുളികകളും മറ്റൊന്നില്‍ രണ്ടെണ്ണവുമുണ്ടായിരുന്നു. ഉപയോഗിക്കാത്ത സ്ട്രിപ്പില്‍ ആറ് ഗുളികകള്‍ വീതം ഉണ്ടായിരിക്കണം. അതിനാല്‍, ഗര്‍ഭഛിദ്രം നടത്താന്‍ ഈ മരുന്നുകള്‍ ഉപയോഗിച്ചെന്നു തോന്നുന്നു. ഗര്‍ഭഛിദ്രം നടത്തുന്നതിന് മറ്റു മൂന്ന് പേര്‍ യുവതിയെ സഹായിച്ചെന്ന് വിഡിയോയില്‍നിന്ന് വ്യക്തമാണ്. മെഡിക്കല്‍ പ്രാക്ടീഷണര്‍ ആക്ടിന്റെ സെക്ഷന്‍ 25, എംടിപി ആക്ട് 1971 ലെ സെക്ഷന്‍ 4-5 എന്നിവ പ്രകാരം ഇത് കുറ്റകരമാണ്.
എംബിബിഎസ്, എംഡി ഗൈനക്കോളജിസ്റ്റ് ഡിജിഒ അല്ലെങ്കില്‍ ഒരു സര്‍ജന്‍ ഡോക്ടര്‍ ഉള്ള അംഗീകൃത ആശുപത്രിക്ക് മാത്രമേ ഉചിതമായ അനുമതി ലഭിച്ച ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ കഴിയൂ. ഗര്‍ഭഛിദ്രം നടത്തിയ യുവതിക്കെതിരെയും അവരെ സഹായിച്ചവര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റത്തിന് ഉടന്‍ കേസെടുക്കണം’. വീഡിയോയെക്കുറിച്ച് അന്വേഷിച്ച് സംഭവം നടന്ന സ്ഥലം കണ്ടെത്തിയതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.പി.ഭോയ് പറഞ്ഞു. യുവതി 15 വര്‍ഷമായി ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയാണ്.
എട്ടുവര്‍ഷമായി അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീഡിയോ എന്നുള്ളതാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. വീട്ടുടമസ്ഥന്റെയും അയാളുടെ മകന്റെയും യുവതി ജോലി ചെയ്യുന്ന ആശുപത്രിയിലെ ഡോക്ടറുടെയും മൊഴിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 ദിവസമായി യുവതി വീട്ടിലില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയുടെ വീട്ടില്‍ കണ്ടെത്തിയ മരുന്നുകള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഉപയോഗിക്കുന്നവയാണെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.