‘അവന്‍ മരിക്കുന്നതു കണ്ടിട്ട് മരിച്ചാല്‍ മതി എനിക്ക്’; സൗമ്യയുടെ അമ്മ, കേരളം ഞെട്ടിയ ക്രൂരതക്ക് 10 വയസ്സ്

തൃശൂര്‍: 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ ട്രെയിന്‍ യാത്രക്കിടെ ക്രൂര ബലാത്സംഗത്തിന് ഇരയാവുകയും അഞ്ചു ദിവസം മരണത്തോട് മല്ലടിച്ച ശേഷം വിടപറയുകയും ചെയ്തത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും മകളുടെ നീതിക്കായി പോരാടുകയാണ് അമ്മ സുമതി. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു ജയിലില്‍ ആണ്. കേരളം കണ്ട ഏറ്റവും വലിയ ക്രൂരതയായ സൗമ്യ വധക്കേസിന് 10 വയസ്സ്. മകള്‍ക്ക് അര്‍ഹിച്ച നീതി ലഭിക്കാന്‍ കണ്ണീരോടെ കാത്തിരിക്കുകയാണ് സൗമ്യയുടെ അമ്മ സുമതി.
‘പത്തുവര്‍ഷം കഴിഞ്ഞിട്ടും അവന്‍ ജീവനോടെ ഇരിക്കുന്നത് വിഷമം ഉണ്ടാക്കുന്നു. അവന്‍ മരിക്കുന്നതു കണ്ടിട്ട് മരിച്ചാല്‍ മതി എനിക്ക്. എന്നാല്‍ ഓരോ ദിവസം കഴിയും തോറും അവനു ആയുസ്സ് കൂടി വരുകയാണെന്നു തോന്നുന്നു, പീഡന കേസ് പ്രതികള്‍ക്ക് ശിക്ഷ നല്‍കുന്നതിലെ കാലതാമസവും അര്‍ഹിച്ച ശിക്ഷ നല്‍കാത്തതുമാണ് ഇത്തരം കേസ് തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുന്നതിനു കാരണമെന്നും സൗമ്യയുടെ അമ്മ പറയുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് ട്രെയിന്‍ യാത്രക്കിടെ സൗമ്യ എന്ന 22 കാരി ക്രൂര ആക്രമണത്തിന് ഇരയായത് . എറണാകുളത്തുനിന്നും ഷൊര്‍ണൂര്‍ക്ക് വന്ന പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്‌മെന്റില്‍ സൗമ്യ തനിച്ചായിരുന്നു അന്നുണ്ടായിരുന്നത്. ഇവിടേക്ക് അതിക്രമിച്ചു കടന്നുവന്ന ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ച് ട്രെയിനില്‍ നിന്നും പുറത്തേക്കു തള്ളിയിട്ട ശേഷം അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. വീഴ്ചയുടെയും ആക്രമണത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നായിരുന്നു പോലീസ് കണ്ടെത്തല്‍.
ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫിബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചു മരണത്തിനു കീഴടങ്ങി. കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചു. ഇത് ഹൈക്കോടതിയും ശരിവെച്ചിരുന്നു. എന്നാല്‍, പിന്നീട് സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.