പ്രതികാര നടപടി? ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണ നൽകിയ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാർക്ക് സസ്‌പെൻഷൻ. ആറ് പൊലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സസ്‌പെഷൻ ഉത്തരവ് പുറത്തിറക്കി.
എറണാകുളം ഡിസിസി ഓഫീസിൽ എത്തിയാണ് പൊലീസുകാർ ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച് രമേശ് ചെന്നിത്തലയെ ഷാൾ അണിയിച്ചത്. കൺട്രോൾ റൂം എഎസ്‌ഐ ഷിബു ചെറിയാൻ, ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിൽ എഎസ്‌ഐമാരായ ജോസ് ആന്റണി, ബിജു, കൂടാതെ സിവിൽ പൊലീസ് ഓഫീസർമാരായ സിൽജൻ, ദിലീപ്, സദാനന്ദൻ എന്നിവരാണ് ഷാൾ അണിയിച്ചത്.
അതേസമയം, കോൺഗ്രസ് ചായ്‌വുള്ള പൊലീസുകാരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഫോട്ടോ എ ഗ്രൂപ്പുകാർ ചോർത്തി മാധ്യമങ്ങൾക്ക് നൽകിയെന്നാണ് ആരോപണം. ഐശ്വര്യ കേരളയാത്രയുടെ പരിപാടിക്കിടെ എറണാകുളം ജില്ലയിലെ നാല് പൊലീസ് ഉദ്യോഗസ്ഥരാണ് ഡിസിസി ഓഫീസിലെത്തി പ്രതിപക്ഷ നേതാവിനെ ഷാൾ അണിയിക്കുകയും മുല്ലപ്പളളി രാമചന്ദ്രനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തത്. എറണാകുളം സിറ്റി കൺട്രോൾ റൂമിലെ ഷിബു ചെറിയാൻ, എ.ആർ ക്യാമ്പിലെ ജോസ് ആൻറണി അടക്കമുള്ള പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹികളാണ് ഡിസിസി ഓഫീസിലെത്തി ആശംസ അറിയിച്ചത്. സംഭവം വിവാദമായതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്.